തെയ്യത്തുംകടവ് അങ്കണവാടി നാടിന് സമര്‍പ്പിച്ചു

കൊടിയത്തൂര്‍: സംസ്ഥാന സാമൂഹിക നീതി വകുപ്പും കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തും ചേര്‍ന്ന് മുപ്പത്തിരണ്ടര ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച തിരുവമ്പാടി മണ്ഡലത്തിലെ മാതൃകാ അങ്കണവാടി സംസ്ഥാന ടൂറിസം മന്ത്രി എ.പി. അനില്‍ കുമാര്‍ നാടിന് സമര്‍പ്പിച്ചു. 1982ല്‍ തോണിയപകടത്തില്‍ മരണപ്പെട്ട ബി.പി. മൊയ്തീന്‍, എ.എം. ഉസ്സന്‍കുട്ടി, അംജദ് മോന്‍ എന്നിവരുടെ നാമധേയത്തിലുള്ള സ്മൃതി അങ്കണവാടിയായിട്ടാണ് ഇതറിയപ്പെടുക. ഇരുവഴിഞ്ഞിപ്പുഴയോരത്ത് ടൂറിസം പദ്ധതി നടപ്പാക്കുമെന്ന് കരഘോഷങ്ങള്‍ക്കിടെ മന്ത്രി പ്രഖ്യാപിച്ചു. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികള്‍ക്കും മറ്റും മരിച്ചുപോയവരും ജീവിച്ചിരിക്കുന്നവരുമായ സാംസ്കാരിക നായകന്മാരുടെ പേര് നല്‍കിയത് കേരള സംസ്ഥാനത്തിലെ ഒറ്റപ്പെട്ടതും മാതൃകാപരവുമായ നടപടിയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സി. മോയിന്‍കുട്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ മുതുപറമ്പ് അങ്കണവാടിയിലെ പ്രസന്ന കുമാരി, കെട്ടിട കോണ്‍ട്രാക്ടര്‍ ഷൗക്കത്തലി ചേന്ദമംഗലൂര്‍ എന്നിവരെ ഉപഹാരങ്ങള്‍ നല്‍കി മന്ത്രി ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സൈനബ ചാലില്‍ സ്വാഗതം പറഞ്ഞു. ’82ലെ തോണിയപകടത്തിനെ അനുസ്മരിച്ച് കെ.ടി. ശരീഫ് രചനയും ഇ. ഉസ്സന്‍ സംഗീത സംവിധാനവും നിര്‍വഹിച്ച ഗാനം എന്‍.കെ. ആയിഷാബായി ആലപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.