കോഴിക്കോട്: പച്ചക്കറി ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് കുടുംബശ്രീ ജില്ലാ മിഷനുമായി ചേര്‍ന്ന് സമ്പൂര്‍ണ പച്ചക്കറി കൃഷി പദ്ധതി നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബാബു പറശ്ശേരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കുടുംബശ്രീയുടെ എ.ഡി.എസ്, സി.ഡി.എസ് തുടങ്ങിയ ഘടകങ്ങളുമായി സഹകരിച്ച് നടപ്പാക്കുന്ന പൈലറ്റ് പദ്ധതിയില്‍ മൂന്നു മാസത്തിനുള്ളില്‍ വിളവെടുക്കാവുന്ന വേനല്‍ക്കാല കൃഷിക്കാണ് പ്രാമുഖ്യം. ജില്ലാ പഞ്ചായത്തിന്‍െറ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ കൃഷിചെയ്യാന്‍ പ്രാദേശിക തലത്തിലുള്ള വിവിധ കൂട്ടായ്മകളുടെ സഹകരണം തേടും. കുടുംബശ്രീക്ക് പുറമെ കര്‍ഷക ക്ളബുകള്‍, സാംസ്കാരിക, സാമൂഹിക കൂട്ടായ്മകള്‍ തുടങ്ങിയവയുടെ സഹകരണം തേടും. കൃഷിയോടൊപ്പം പദ്ധതിയുടെ ഭാഗമായി വിത്തുല്‍പാദന കേന്ദ്രവും വിപണന കേന്ദ്രവും ആരംഭിക്കും. ജില്ലാ പഞ്ചായത്തിന് ലഭിച്ച നിര്‍മല്‍ ഗ്രാമ പുരസ്കാര്‍ തുക വിനിയോഗിച്ച് പെരുവയല്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥാപിച്ച പ്ളാസ്റ്റിക് സംസ്കരണ യൂനിറ്റ് പ്രവര്‍ത്തനം ഈ സാമ്പത്തിക വര്‍ഷം തന്നെ തുടങ്ങും. ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ അടിസ്ഥാനസൗകര്യ വികസനങ്ങള്‍ക്കൊപ്പം ലിഫ്റ്റ് സൗകര്യം ഏര്‍പ്പെടുത്തും. വടകര ജില്ലാ ആശുപത്രിയിലെ അടിസ്ഥാനസൗകര്യ വികസനവും മോര്‍ച്ചറി നിര്‍മാണവും പൂര്‍ത്തിയാക്കും. ഡ്രൈവര്‍മാര്‍ക്കുള്ള ആയുര്‍യോഗ പദ്ധതി തുടരും. രോഗമുക്തരായിട്ടും കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് വീട്ടിലേക്ക് തിരികെപ്പോകാനാവാത്തവര്‍ക്കുള്ള പുനരധിവാസ കേന്ദ്രം ശ്രദ്ധാഭവന്‍ പ്രവര്‍ത്തനവും ഈ സാമ്പത്തിക വര്‍ഷം ആരംഭിക്കും. ഇതിനായി കാക്കൂരില്‍ 5.88 ഏക്കര്‍ ഭൂമി ജില്ലാ പഞ്ചായത്ത് വിലകൊടുത്ത് വാങ്ങിയിട്ടുണ്ട്. ഇവിടേക്കുള്ള 200 മീറ്റര്‍ റോഡ് സൗകര്യമായാല്‍ ഈ വര്‍ഷംതന്നെ പ്രവൃത്തി പൂര്‍ത്തിയാക്കാനാവും. ജപ്പാന്‍ കുടിവെള്ളപദ്ധതി പൂര്‍ത്തിയാക്കിയിട്ടും ജലവിതരണം തുടങ്ങാത്തതിനെതിരെ ഭരണസമിതി പ്രമേയത്തിലൂടെ ഐകകണ്ഠ്യേന പ്രതിഷേധിച്ചതായും അദ്ദേഹം പറഞ്ഞു. കുറ്റ്യാടി കനാല്‍ നവീകരിക്കണമെന്നാവശ്യപ്പെട്ട് കക്കോടി ഡിവിഷന്‍ അംഗം താഴത്തയില്‍ ജുമൈലത്ത് അവതരിപ്പിച്ച പ്രമേയവും ഐകകണ്ഠ്യേന അംഗീകരിച്ചു. വൈസ് ചെയര്‍പേഴ്സന്‍ റീന മുണ്ടേങ്ങാട്ട്, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ മുക്കം മുഹമ്മദ്, പി.കെ. സജിന, ജോര്‍ജ് മാസ്റ്റര്‍, സുജാത മനക്കല്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. സലീം എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.