ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ കാരശ്ശേരിയിലും കൊടിയത്തൂരിലും അനുവദിക്കില്ലെന്ന് ഭരണസമിതി

മുക്കം: ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ പദ്ധതി കാരശ്ശേരിയിലും കൊടിയത്തൂരിലും അനുവദിക്കില്ലെന്ന് ഇരു ഭരണസമിതികളും വ്യക്തമാക്കി. പഞ്ചായത്തുകളുടെ തെരഞ്ഞെടുത്ത പരിധികളിലൂടെ ഗെയില്‍ വാതക പൈപ്പുകള്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് അംഗീകരിക്കാനാവില്ലെന്ന് തിങ്കളാഴ്ച പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കാരശ്ശേരി പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. ഈ മാസം 11ന് ചേര്‍ന്ന കൊടിയത്തൂര്‍ പഞ്ചായത്ത് ഭരണസമിതി യോഗവും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ജനവാസ മേഖലകളിലൂടെ ഒരു കാരണവശാലും ഗെയില്‍ പൈപ്പുകള്‍ കടന്നുപോകാന്‍ അനുവദിക്കില്ലെന്നു പ്രഖ്യാപിച്ച് ഏറെക്കാലം മുക്കത്തും കാരശ്ശേരിയിലും കൊടിയത്തൂരിലും ജനകീയ പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. പ്രതിഷേധങ്ങള്‍ക്ക് ആക്കംകൂട്ടിക്കൊണ്ട് ഗെയില്‍ വിക്ടിംസ് ഫോറം രൂപവത്കരിച്ച് മേഖലയില്‍ സമരപരിപാടികള്‍ നടത്തിവരുകയാണ്.ഗെയില്‍ വാതക പദ്ധതി ജനവാസമേഖലകളിലൂടെ കടന്നുപോകുന്നത് അംഗീകരിക്കാനാവില്ലെന്ന പൊതുനിലപാടിലാണ് പദ്ധതി കടന്നുപോകുന്ന മുക്കം, കാരശ്ശേരി, കൊടിയത്തൂര്‍ നിവാസികള്‍. ഈ മൂന്ന് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നവിധം മലപ്പുറം ജില്ലയില്‍ നിന്ന് പഴംപറമ്പ്, പന്നിക്കോട്, മാവായി, കൊത്തനാപറമ്പ്, സര്‍ക്കാര്‍പറമ്പ്, കക്കാട്, കാരശ്ശേരി, മാമ്പറ്റ എന്നിവിടങ്ങളിലൂടെയാണ് പദ്ധതി പ്രകാരം പൈപ്പ് കടന്നുപോകുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.