മെഡിക്കല്‍ കോളജില്‍ ഐ.സി.യുവിനെ തള്ളി സ്റ്റാഫ് കാന്‍റീന്‍ ഉയര്‍ന്നു

കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ ന്യൂറോസര്‍ജറി ഐ.സി.യുവിനായി കണ്ടുവെച്ചിരുന്ന സ്ഥലത്ത് ആശുപത്രി ജീവനക്കാര്‍ക്കായി കാന്‍റീന്‍ നിര്‍മാണം പൂര്‍ത്തിയായി. ആശുപത്രിയുടെ രണ്ടാം നിലയില്‍ 17ാം വാര്‍ഡിനു സമീപത്തുള്ള ഒഴിഞ്ഞ സ്ഥലത്താണ് കാന്‍റീന്‍ നിര്‍മിച്ചിരിക്കുന്നത്. എ.സി കാന്‍റീനാണ് തയാറായത്. മുമ്പ് ന്യൂറോ സര്‍ജറി ഐ.സി.യുവിന് ആവശ്യപ്പെട്ടിരുന്ന സ്ഥലമായിരുന്നു ഇത്. എന്നാല്‍, അന്ന് ഐ.സി.യുവിന് അനുമതി ലഭിച്ചില്ല. പിന്നീടാണ് അവിടെ കാന്‍റീന്‍ നിര്‍മിക്കാന്‍ തീരുമാനമായത്. 18ാം വാര്‍ഡിലെ ന്യൂറോ സര്‍ജറി വിഭാഗത്തില്‍ രോഗികള്‍ തിങ്ങിനിറഞ്ഞ് കിടക്കുകയാണ്. പണി തുടങ്ങിയപ്പോള്‍ യുവജന സംഘടനകള്‍ ഇടപെട്ട് നിര്‍മാണം നിര്‍ത്തിവെപ്പിച്ചിരുന്നു. ഈ സ്ഥലം ഐ.സി.യുവിന് ഉപയോഗിക്കാന്‍ പറ്റുന്നതല്ളെന്നും 18ാം വാര്‍ഡിലെ ന്യൂറോസര്‍ജറി വിഭാഗവും തൊറാസിക് സര്‍ജറിയും സൂപ്പര്‍ സ്പെഷാലിറ്റിയിലേക്ക് മാറ്റുമെന്നും അതിനാല്‍, ഈ വിഭാഗത്തിന് ഇവിടെ ഒരു ഐ.സി.യു ആവശ്യമില്ളെന്നും പറഞ്ഞ് പ്രശ്നം പരിഹരിക്കുകയായിരുന്നു. കാന്‍റീന്‍ നിര്‍മിക്കാന്‍ കണ്ടത്തെിയ സ്ഥലത്തിന്‍െറ നേരെ താഴെ രണ്ടു നിലകളിലും ഐ.സി.യുവാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ കാന്‍റീന്‍ വരുകയാണെങ്കില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ ഒഴിവാക്കാന്‍ ബുദ്ധിമുട്ടാകുമെന്നും രോഗികള്‍ പറയുന്നു. സൂപ്പര്‍ സ്പെഷാലിറ്റിയില്‍ തിയറ്ററില്ലാത്തതിനാല്‍ തിയറ്റര്‍ വരുന്നതുവരെ വിഭാഗം അവിടേക്ക് മാറ്റാനാകില്ല. മാത്രമല്ല, അപകടങ്ങളില്‍ തലക്ക് പരിക്കേറ്റ് വരുന്നവരും ന്യൂറോ സര്‍ജറിയിലുണ്ടായിരിക്കും. അതിനാല്‍, അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്നിടത്ത് നിര്‍ബന്ധമായും ന്യൂറോ സര്‍ജറിക്ക് ഐ.സി.യു വേണമെന്ന് ന്യൂറോസര്‍ജന്മാര്‍ പറയുന്നു. ഇവര്‍ക്ക് ശസ്ത്രക്രിയ കഴിഞ്ഞ ശേഷം വാര്‍ഡിലേക്ക് മാറ്റുന്നതിനു മുമ്പ് മുറിവ് ഉണങ്ങുന്നതുവരെ കഴിയുന്നതിനാണ് ഐ.സി.യു സംവിധാനം വേണമെന്ന് പറയുന്നത്. നിലവിലുള്ള രണ്ട് ഐ.സി.യുകളിലായി 10 കിടക്കകള്‍ മാത്രമാണുള്ളത്. പുതിയ രോഗികള്‍ വരുമ്പോള്‍ ഒഴിവാക്കാന്‍ പാടില്ലാത്തവരെ പോലും ഐ.സി.യുവില്‍നിന്ന് ഒഴിവാക്കിയാണ് പുതിയ രോഗികള്‍ക്ക് ഇടം നല്‍കുന്നത്. ഇത് അണുബാധയേറ്റ് രോഗികളുടെ അവസ്ഥ ഗുരുതരമാകാനുള്ള സാധ്യത വര്‍ധിപ്പിക്കുകയാണ്. ഇവിടെ ഐ.സി.യു നിര്‍മിച്ചിരുന്നെങ്കില്‍ രോഗികളുടെ ജീവനെങ്കിലും രക്ഷിക്കാമായിരുന്നെന്നാണ് ന്യൂറോ സര്‍ജറി വിഭാഗം ഡോക്ടര്‍മാരുടെ അഭിപ്രായം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.