മുഹമ്മദ് ഷാനു വധശ്രമക്കേസ്: മൂന്നു പ്രതികള്‍ കീഴടങ്ങി

കോഴിക്കോട്: കള്ളക്കടത്തുരഹസ്യം പൊലീസില്‍ പറയാതിരിക്കാന്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാന്‍ ശ്രമിച്ചുവെന്ന കേസില്‍ മൂന്നു പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. കൊടുവള്ളി മാനിപുരം തലപ്പടിക്കല്‍ മുഹമ്മദ് ഷാനുവിനെ (21) വധിക്കാന്‍ ശ്രമിച്ചുവെന്നകേസിലെ പ്രതികളാണ് കീഴടങ്ങിയത്. താമരശ്ശേരി കടുക്കന്‍ സമറുദ്ദീന്‍ (34), ഓമശ്ശേരി പുത്തൂര്‍ കാപ്പുങ്ങല്‍ കുടുക്കില്‍ ഷാഫി (32), താമരശ്ശേരി പൊയിലില്‍ കടുക്കന്‍ അലി (46) എന്നിവരാണ് എരഞ്ഞിപ്പാലത്തെ ആറാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. ഇതോടെ, കേസില്‍ 20 അംഗസംഘത്തിലെ എട്ടുപേര്‍ പിടിയിലായി. താമരശ്ശേരി അമ്പായത്തോട് ഏഴുകളത്തില്‍ വീട്ടില്‍ നംഷീദ് (27), കാറ്റാടികുന്ന് ഷാഫിര്‍ (25), അറക്കല്‍ എ.ടി. നിജാസ് (24) എന്നിവരുള്‍പ്പെടെയുള്ള അഞ്ചുപേര്‍ നേരത്തേ അറസ്റ്റിലായിരുന്നു. പ്രധാനപ്രതി കുടുക്കില്‍ റഹീമിന്‍െറ സഹോദരന്‍ വിദേശത്തേക്ക് കടന്നതായി പൊലീസ് സംശയിക്കുന്നു. ഇതുസംബന്ധിച്ച് അന്വേഷണം തുടരുകയാണ്. ആക്രമികള്‍ സഞ്ചരിച്ച മൂന്നു കാറുകള്‍ ലഭിക്കാനുണ്ട്. രണ്ടു കാറുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ചൊവ്വാഴ്ച കീഴടങ്ങിയ മൂവര്‍ക്കും വേണ്ടി നടക്കാവ് പൊലീസ് ഈയിടെ ബംഗളൂരുവില്‍ പോയിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ പിടികിട്ടാനുള്ള കുടുക്കില്‍ റഹീമിന്‍െറ സംഘാംഗങ്ങളാണിവരെന്ന് പൊലീസ് പറയുന്നു. മുഹമ്മദ് ഷാനു ഗുരുതര പരിക്കുകളോടെ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വാഹകനായി പ്രവര്‍ത്തിച്ച ആളാണ് മുഹമ്മദ് ഷാനുവെന്ന് പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 25നാണ് ഇയാള്‍ ആക്രമണത്തിനിരയായത്. കൊടുവള്ളിയില്‍ സംഘാംഗങ്ങളുടെ ആക്രമണത്തില്‍ പരിക്കേറ്റ ഇയാള്‍ ബീച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രാഥമിക ചികിത്സക്കുശേഷം ഓട്ടോറിക്ഷയില്‍ മടങ്ങവെ ഭട്ട് റോഡില്‍ വീണ്ടും ആക്രമണത്തിനിരയാവുകയായിരുന്നു. സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായപ്പോള്‍ ജാമ്യത്തിലിറങ്ങാന്‍ സഹായംചെയ്യാമെന്ന് റഹീം വാഗ്ദാനം നല്‍കിയതായി പറയുന്നു. എന്നാല്‍, സഹായം കിട്ടാതായപ്പോള്‍ കള്ളക്കടത്തുവിവരം അധികൃതരെ അറിയിക്കുമെന്ന് മുഹമ്മദ് ഷാനു സംഘാംഗങ്ങളോട് പറഞ്ഞതിന്‍െറ വിരോധത്താല്‍ ആക്രമണം നടത്തിയെന്നാണ് കേസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.