ആശങ്ക നീങ്ങാതെ മാനാഞ്ചിറ -വെള്ളിമാടുകുന്ന് റോഡ് വികസനം

കോഴിക്കോട്: വെള്ളിയാഴ്ച മന്ത്രി എം.കെ. മുനീറിന്‍െറ അധ്യക്ഷതയില്‍ നടത്താനിരുന്ന നഗരപാത അവലോകന യോഗം നടക്കില്ല. റോഡ് വികസനവുമായി ബന്ധപ്പെട്ട് എല്ലാ മാസാന്ത്യവും മന്ത്രിയും ജില്ലാ കലക്ടറും മറ്റു ജനപ്രതിനിധികളും പങ്കെടുത്തുകൊണ്ടുള്ള യോഗം ചേരണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശമാണ് മൂന്നാംതവണയും പാലിക്കപ്പെടാതെ പോകുന്നത്. മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡുള്‍പ്പെടെയുള്ള നഗരാപാത വികസനപദ്ധതിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഇതിന്‍െറ ചുമതലയുള്ള മന്ത്രി എം.കെ. മുനീര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം വിളിച്ചത്. എന്നാല്‍, മന്ത്രിയുടെ അസൗകര്യത്തെതുടര്‍ന്നാണ് യോഗം മാറ്റിയത്. മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളെയും യോഗത്തില്‍ ക്ഷണിച്ചിരുന്നു. ബന്ധുവിന്‍െറ മരണം മൂലം മന്ത്രി അടിയന്തരമായി കാസര്‍കോട്ടേക്കു പോയതിനാലാണ് യോഗം മാറ്റിവെച്ചതെന്നാണ് അറിയുന്നത്. നഗരപാത വികസനപദ്ധതിയിലെ ആറു റോഡുകളുടെയും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതാണ്. മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡിന്‍െറ കാര്യത്തില്‍മാത്രമാണ് പ്രവര്‍ത്തനം അനിശ്ചിതമായി നീണ്ടുപോകുന്നത്. ഇത് റോഡ് വികസനത്തിന്‍െറ കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്കവര്‍ധിപ്പിക്കുന്നതാണ്. ഒരോ മാസാവസാനവും യോഗം ചേരുന്നതിനുപുറമെ മൂന്നുമാസം കൂടുമ്പോള്‍ പൊതുമരാമത്ത് മന്ത്രിയുടെ അധ്യക്ഷതയില്‍ പ്രവര്‍ത്തന പുരോഗതി ചര്‍ച്ചചെയ്യണമെന്നും ഉന്നതലയോഗത്തില്‍ നിര്‍ദേശമുണ്ടായിരുന്നു. ഇതെല്ലാം പലകാരണങ്ങളാല്‍ നടക്കാതെ പോകുന്നത് റോഡിന്‍െറ വികസനം അനന്തമായി നീളുന്നതിന് കാരണമാകുന്നതായി ആരോപണമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.