വരുന്നു, സ്ത്രീസൗഹൃദ ഓട്ടോകള്‍

കോഴിക്കോട്: ഷീ ടാക്സികള്‍ക്ക് പിന്നാലെ സ്ത്രീസൗഹൃദ ഓട്ടോറിക്ഷകളും എത്തുന്നു. സ്ത്രീകളുടെ യാത്ര സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. സര്‍ക്കാറിന്‍െറ പുതിയ ലിംഗസമത്വ, സ്ത്രീശാക്തീകരണ നയത്തിന്‍െറ ഭാഗമായി സാമൂഹികക്ഷേമ വകുപ്പ്, ധനവകുപ്പ്, ആസൂത്രണ ബോര്‍ഡ്, പൊലീസ് എന്നിവ കൂട്ടായാണ് ഇത് നടപ്പാക്കുന്നത്. എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള ഓട്ടോ സ്റ്റാന്‍ഡുകളില്‍നിന്ന് തെരഞ്ഞെടുക്കുന്നവര്‍ക്കാണ് സ്ത്രീസൗഹൃദ ഓട്ടോറിക്ഷ പദവി നല്‍കുക. ഇവക്ക് പ്രത്യേകം സ്റ്റിക്കറുകളും പതിച്ചു നല്‍കും. യൂനിഫോം, നിറം എന്നീ കാര്യങ്ങളും ആലോചിക്കുന്നുണ്ട്. തുടക്കത്തില്‍ നഗരങ്ങളില്‍ നടപ്പാക്കിയ ശേഷം ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കും. നഗരങ്ങളില്‍ ട്രാഫിക് സ്റ്റേഷനുകള്‍ക്കും ഗ്രാമങ്ങളില്‍ പൊലീസ് സ്റ്റേഷനുകള്‍ക്കുമാണ് മേല്‍നോട്ട ചുമതല. പദ്ധതി നടപ്പാക്കുന്നതിന്‍െറ ഭാഗമായി, ഓട്ടോ ഡ്രൈവര്‍മാരുടെ യോഗം കഴിഞ്ഞ ദിവസം നഗരങ്ങളില്‍ നടന്നു. ഏത് രാത്രിയിലും സ്ത്രീകള്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന തരത്തില്‍ സുരക്ഷിതമാക്കുകയാണ് പദ്ധതി ലക്ഷ്യമെന്ന് കോഴിക്കോട് നോര്‍ത് ട്രാഫിക് അസി. കമീഷണര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇപ്പോള്‍ പല നഗരങ്ങളിലും നടക്കാത്ത കാര്യമാണിത്. സ്ത്രീകള്‍ ഓടിക്കുന്ന ഓട്ടോറിക്ഷകള്‍ക്കാണ് പ്രാധാന്യം നല്‍കുക. ഇവര്‍ക്ക് പുറമെ, മികച്ച പ്രവര്‍ത്തന പാരമ്പര്യമുള്ള പുരുഷ ഓട്ടോ ഡ്രൈവര്‍മാരെയും തിരഞ്ഞെടുക്കും. ഇവര്‍ക്ക് പൊലീസ്, മന$ശാസ്ത്രജ്ഞര്‍, നിയമജ്ഞര്‍ എന്നിവര്‍ പരിശീലനം നല്‍കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓട്ടോറിക്ഷകളാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ഈയിടെ വര്‍ധിച്ച ഗാര്‍ഹിക പീഡനങ്ങള്‍, പുരുഷന്മാരുടെ ആത്മഹത്യാനിരക്ക്, ഉന്നത വിദ്യാഭ്യാസരംഗത്തെ പുരുഷന്മാരുടെ കുറവ്, മദ്യപാനാസക്തി എന്നിവ കുടുംബാന്തരീക്ഷം കൂടുതല്‍ വഷളാക്കുന്നുവെന്ന വിലയിരുത്തലിന്‍െറ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പുതിയ ലിംഗസമത്വ-സ്ത്രീ ശാക്തീകരണ നയത്തിന് രൂപം നല്‍കിയത്. തുടര്‍ന്ന് മറ്റു വകുപ്പുകളിലും സമാനമായ സ്ത്രീസൗഹൃദ പദ്ധതികള്‍ നടപ്പാക്കുമെന്ന് പദ്ധതിയുടെ നോഡല്‍ ഓഫിസറായ സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ വി.എന്‍. ജിതേന്ദ്രന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.