അശോകപുരം റോഡ് തകര്‍ന്നു; ദുരിതംപേറി നാട്ടുകാര്‍

കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളജിന് മുന്നില്‍നിന്ന് തുടങ്ങുന്ന അശോകപുരം റോഡില്‍ യാത്രാക്ളേശം രൂക്ഷം. മാസങ്ങള്‍ക്കുമുമ്പ് അറ്റകുറ്റപ്പണി നടത്തിയ റോഡിന്‍െറ പല ഭാഗങ്ങളും തകര്‍ന്നിട്ടും നന്നാക്കാന്‍ അധികൃതര്‍ തയാറാവുന്നില്ല. കുഴികളിലും വെള്ളക്കെട്ടുകളിലും കരിങ്കല്ലുകളിട്ട് മുകളില്‍ ക്വാറിപ്പൊടി വിതറിയത് മഴയില്‍ ഒലിച്ചുപോയതിനാല്‍ ഇരുചക്ര വാഹനാപകടങ്ങള്‍ പതിവായി. അശോകപുരം ഇന്‍ഫന്‍റ് ജീസസ് ചര്‍ച്ചിനടുത്ത് 30 മീറ്ററോളം റോഡ് മുഴുവന്‍ തകര്‍ന്നു. കരിങ്കല്ലിട്ട് ഒരുഭാഗം ഉയര്‍ത്തിയതോടെ മറുഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. ഇതുമൂലം വണ്‍വേ രീതിയിലാണ് ഇരുവശത്തേക്കും വാഹനങ്ങള്‍ കടന്നുപോകുന്നത്. നഗരസഭയോ ജില്ലാ ഭരണകൂടമോ ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കുന്നില്ല. ഗാന്ധി റോഡില്‍നിന്ന് എരഞ്ഞിപ്പാലം ബൈപാസ്വരെ വീതികൂട്ടാന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് നടപടി ആരംഭിച്ചതാണ്. സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയായെങ്കിലും റോഡ് വികസനം യാഥാര്‍ഥ്യമാകുന്നില്ല. വയനാട് ദേശീയപാതയില്‍നിന്ന് എരഞ്ഞിപ്പാലം ബൈപാസിലേക്കും മാവൂര്‍ റോഡിലേക്കും കടക്കാവുന്ന ഈ എളുപ്പവഴി നിരവധി പേര്‍ ഉപയോഗിക്കുന്നതാണ്. പ്രദേശത്തെ റെസിഡന്‍റ്സ് അസോസിയേഷനുകള്‍ പലതവണ പ്രക്ഷോഭം നടത്തിയിട്ടും അധികൃതര്‍ കണ്ണുതുറക്കുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.