ശൂന്യമായ ഇലയിട്ട് കര്‍ഷകരുടെ ഓണസദ്യ

കോഴിക്കോട്: വിലത്തകര്‍ച്ചയും വിളനാശവുംമൂലം പട്ടിണിയിലായ കേരളത്തിലെ കര്‍ഷകരെ പാടെ അവഗണിച്ച് ഉദ്യോഗസ്ഥ-സംഘടിത വിഭാഗങ്ങള്‍ക്കുമാത്രം അലവന്‍സുകളും ശമ്പളപരിഷ്കരണവും നടപ്പാക്കിയ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഫാര്‍മേഴ്സ് റിലീഫ് ഫോറത്തിന്‍െറ നേതൃത്വത്തില്‍ കലക്ടറേറ്റിന് മുന്നില്‍ കര്‍ഷകര്‍ പ്രതീകാത്മക ഓണസദ്യ നടത്തി. ശൂന്യമായ ഇലകള്‍ക്ക് മുമ്പിലിരുന്നായിരുന്നു പ്രതിഷേധം. ഫാര്‍മേഴ്സ് റിലീഫ് ഫോറം സംസ്ഥാന ആക്ടിങ് ചെയര്‍മാന്‍ ബേബി സഖറിയാസ് ഉദ്ഘാടനം ചെയ്തു. റബറിന് റെക്കോഡ് വിലയിടിവ് നേരിടുമ്പോഴും റബര്‍ വിലസ്ഥിരതാ ഫണ്ട് പ്രഖ്യാപനത്തില്‍ ഒതുങ്ങിയിരിക്കുകയാണ്. നടപടികള്‍ തുടങ്ങി മൂന്ന് മാസം കഴിഞ്ഞിട്ടും സംസ്ഥാനതല ഉദ്ഘാടനം നടത്തിയതല്ലാതെ നാളിതുവരെ കര്‍ഷകര്‍ക്ക് നയാപൈസ പോലും ലഭിച്ചിട്ടില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പ് നീളുന്നതനുസരിച്ച് പദ്ധതി നീട്ടിക്കൊണ്ടുപോകാനാണ് പരിപാടി. കര്‍ഷക അവഗണന തുടര്‍ന്നാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കര്‍ഷക വോട്ടുകള്‍ വിലപേശി വാങ്ങേണ്ടിവരും -അദ്ദേഹം വ്യക്തമാക്കി. ജനറല്‍ സെക്രട്ടറി കെ.വി. ജോര്‍ജ് കൊളക്കാട്ട് അധ്യക്ഷത വഹിച്ചു. അലക്സാണ്ടര്‍ പ്ളാമ്പറമ്പില്‍, മോളി ജോര്‍ജ്, ജെയിംസ് മറ്റം, ജോസ് തടത്തില്‍, ജോസഫ് മുള്ളനാനി, സാലസ് നരിക്കുഴി, വില്‍സണ്‍ വെള്ളാരംകുന്നേല്‍ തുടങ്ങിയവര്‍ സംസാരിച്ചു. കനത്തമഴയെ അവഗണിച്ചായിരുന്നു പ്രതീകാത്മക ഓണസദ്യ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.