കുറ്റ്യാടി: വേളത്ത് അഞ്ചുദിവസത്തിനകം നാല് വാഹനങ്ങള്‍ കത്തിക്കുകയും വീട് കേടുവരുത്തുകയും ചെയ്ത കേസിലെ പ്രതികളെ ഇനിയും പിടിക്കാന്‍ കുറ്റ്യാടി പൊലീസിന് കഴിയാത്തതില്‍ വ്യാപകപ്രതിഷേധം. ഇതില്‍ ഒരുവീട്ടിലെ മൂന്ന് വാഹനങ്ങള്‍ തലേന്നും പിറ്റേന്നുമായാണ് കത്തിച്ചത്. പ്രതികളെക്കുറിച്ച പ്രധാന സൂചനകള്‍ ഉടമകളും നാട്ടുകാരും നല്‍കിയിട്ടും പിടിക്കാത്തതില്‍ ചില കക്ഷികളുടെ സമ്മര്‍ദമുണ്ടെന്നും പ്രതികള്‍ക്ക് മണല്‍ മാഫിയയുമായി ബന്ധമുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. സംഭവം നടന്നയുടനെ പ്രതിഷേധം വ്യാപകമാവുകയും സ്ഥലം എം.എല്‍.എ കെ.കെ. ലതികയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി രംഗത്തുവന്ന് പ്രതികളെ പിടിക്കണമെന്നാവശ്യപ്പെടുകയും ചെയ്തപ്പേള്‍ ഉടന്‍ അറസ്റ്റിലാവുമെന്നായിരുന്നു പൊലീസിന്‍െറ പ്രതികരണം. കഴിഞ്ഞ 19ന് പുലര്‍ച്ചെ പെരുവയല്‍ പുതുശ്ശേരിമീത്തല്‍ മുഹമ്മദലിയുടെ ബൈക്കും 23ന് പുലര്‍ച്ചെ ഷാര്‍ജയിലുള്ള ശാന്തിനഗറിലെ അരിങ്കിലോട്ട് സലീമിന്‍െറ കാറും, പിറ്റേന്ന് മകന്‍െറ ബൈക്കും, സഹോദരീപുത്രിയുടെ സ്കൂട്ടറുംഅഗ്നിക്കിരയാക്കി. വീട് കരിപിടിച്ചുകിടപ്പാണ്. പ്രതികള്‍ അറസ്റ്റിലാവാത്തതിനാല്‍ ഇനിയും തീവെപ്പുണ്ടാകുമെന്ന ഭീതിയിലാണ് കുടുംബവും ബന്ധുക്കളും. തീവെപ്പ് കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി വേളം പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രതികളെ സംരക്ഷിക്കുന്ന നയം പൊലീസ് സ്വീകരിച്ചാല്‍ നാട്ടുകാരെ അണിനിരത്തി ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ടി. മുഹമ്മദിന്‍െ അധ്യക്ഷതയില്‍ നടന്ന യോഗം മുന്നറിയിപ്പ് നല്‍കി. വാര്‍ഡ് മെംബര്‍ താര റഹീം,കെ. അബ്ദുറഹ്മാന്‍, എം. സിദ്ദീഖ്, പി.കെ. അഷ്റഫ്, കെ.കെ. മുഹമ്മദലി എന്നിവര്‍ പ്രസംഗിച്ചു. പ്രതികള്‍ക്ക് വലിയ ഭരണസ്വാധീനമുള്ളതാണ് പിടികൂടാന്‍ പൊലീസ് മടിക്കുന്നതെന്ന് സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഇ.കെ. നാണു പറഞ്ഞു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് കെ.സി. ബാബു ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.