മുക്കംകടവ് പാലം ഉദ്ഘാടനത്തിനിടെ സംഘര്‍ഷം; ലാത്തിച്ചാര്‍ജ്

മുക്കം: മുക്കം കടവ് പാലം ഉദ്ഘാടനത്തിന് മുന്‍ എം.എല്‍.എ ജോര്‍ജ് എം. തോമസിനെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് ഇടതുമുന്നണി നടത്തിയ മാര്‍ച്ച് പാലത്തിനരികെ പൊലീസ് തടഞ്ഞു. പൊലീസുകാര്‍ തീര്‍ത്ത ബാരിക്കേഡുകള്‍ തകര്‍ത്ത് പാലത്തില്‍ കടന്ന ഇടത് പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ലാത്തിവീശി. നിരവധിപേര്‍ക്ക് പരിക്കേറ്റു. പാലത്തില്‍ പൊലീസ് വലയം ഭേദിച്ച് കടന്ന 20ഓളം പ്രവര്‍ത്തകരെ മുക്കം പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ നടത്തിയ ഉപരോധത്തെ തുടര്‍ന്ന് പ്രവര്‍ത്തകരെ വിട്ടയച്ചു. ഇതിനിടെ ഇടതുനേതാക്കളുടെ നേതൃത്വത്തില്‍ പാലത്തിന്‍െറ മുക്കം ഭാഗത്തെ അപ്രോച് റോഡിന് സമീപത്തുവെച്ച് പാലത്തിന്‍െറ ജനകീയ ഉദ്ഘാടനം നടത്തി. എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ടി. വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. പി.കെ. കണ്ണന്‍, കെ.ടി. ബിനു, വി.കെ. വിനോദ്, സുന്ദരന്‍, ഉണ്ണികൃഷ്ണന്‍, കെ.ടി. ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു.മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്ത പരിപാടിക്ക് പാലത്തില്‍ രാവിലെതന്നെ വന്‍ സുരക്ഷയായിരുന്നു. 11ഓടെ പ്രതിഷേധവുമായത്തെിയ ഇടതുമുന്നണി പ്രവര്‍ത്തകരെ പാലത്തിലേക്ക് കടത്തിവിടാതെ തടഞ്ഞുവെച്ചതാണ് ലാത്തിച്ചാര്‍ജില്‍ കലാശിച്ചത്. മലയോരമേഖലയുടെ ചിരകാലസ്വപ്നമായ 18 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയ മുക്കം കടവ് പാലത്തിന്‍െറ ഉദ്ഘാടനത്തില്‍ മുന്‍ എം.എല്‍.എ ജോര്‍ജ് എം. തോമസിനെ ക്ഷണിക്കാതിരുന്നത് വിവാദമായിരുന്നു. ഇപ്പോഴത്തെ എം.എല്‍.എ സി. മോയിന്‍കുട്ടിയുടെയും മുസ്ലിം ലീഗിന്‍െറയും ധിക്കാരമാണ് ഇതിനു പിന്നിലെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ കുറ്റപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.