കോഴിക്കോട്: ത്രിതല കാന്‍സര്‍ സെന്‍ററിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 25.031 കോടി രൂപ സെപ്റ്റംബര്‍ ഒന്നിന് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. 44.5 കോടി രൂപയുടെ പദ്ധതിക്ക് ആദ്യ ഗഡുവായി അനുവദിച്ച 25 കോടി സംസ്ഥാന സര്‍ക്കാര്‍ തിരിച്ചുപിടിച്ചിരിക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ വിഹിതം സംസ്ഥാനസര്‍ക്കാറിന് നല്‍കിയെങ്കിലും ആ തുക കഴിഞ്ഞ മാര്‍ച്ച് 30നാണ് മെഡിക്കല്‍ കോളജിന് ലഭ്യമായത്. സാമ്പത്തികവര്‍ഷം കഴിഞ്ഞതിനാല്‍ തുക വിനിയോഗിക്കാനായില്ല. സര്‍ക്കാറിന്‍െറ സാമ്പത്തികബാധ്യതമൂലം ആ തുക ട്രഷറിയില്‍ തിരിച്ചടക്കാനും അടുത്ത സാമ്പത്തികവര്‍ഷം ആവശ്യം വരുമ്പോള്‍ തിരിച്ചുനല്‍കുമെന്നും അറിയിച്ചിരുന്നു. മെഡിക്കല്‍ കോളജ് അധികൃതര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് തുക ഇപ്പോള്‍ അനുവദിച്ചത്. സെന്‍ററിന്‍െറ രൂപരേഖ അവസാന മിനുക്കുപണികള്‍ക്കായി കാത്തിരിക്കുകയാണ്. ഇംഹാന്‍സിന് മുന്‍വശത്തെ ഒന്നരയേക്കറിലേറെ സ്ഥലത്തയാണ് മൂന്നുനില കാന്‍സര്‍ സെന്‍റര്‍ വരുന്നത്. കാന്‍സര്‍ സെന്‍ററിന്‍െറ മറ്റു പ്രവര്‍ത്തനങ്ങളെല്ലാം എച്ച്.എല്‍.എല്‍ ആണ് നിര്‍വഹിക്കുന്നത്. സ്ഥലം വൃത്തിയാക്കലും മറ്റും തുടങ്ങിയിട്ടുണ്ട്. പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ എം.കെ. രാഘവന്‍ എം.പി സ്ഥലം സന്ദര്‍ശിക്കുമെന്ന് എം.പിയുടെ ഓഫിസ് അറിയിച്ചു. ആശുപത്രിയുടെ ചിരകാല ആവശ്യമാണ് ത്രിതല കാന്‍സര്‍ സെന്‍റര്‍. 17 കോടിയുടെ ഹൈ എനര്‍ജി ലീനിയര്‍ ആക്സിലറേറ്റര്‍, ഡേകെയര്‍ കീമോതെറപ്പി ഉപകരണങ്ങള്‍, കാന്‍സര്‍ ശസ്ത്രക്രിയാ ഉപകരണങ്ങള്‍, രണ്ടു കോടിയുടെ മോഡുലാര്‍ ശസ്ത്രക്രിയാ തിയറ്റര്‍, ഫുള്ളി ഓട്ടോമേറ്റഡ് ബയോകെമിക്കല്‍ അനലൈസര്‍, ആറു കോടിയുടെ സി.ടി സ്കാന്‍ വെര്‍ചല്‍ സിമുലേറ്റര്‍, നാലു കോടിയുടെ സ്പെക്ട് ഗാമ കാമറ തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ് പദ്ധതി. അര്‍ബുദം ബാധിച്ച് മലബാര്‍ ഭാഗത്തുനിന്നാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്‍ററിലേക്ക് പോകുന്നത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ത്രിതല കാന്‍സര്‍ സെന്‍റര്‍ വന്നാല്‍ രോഗികള്‍ക്ക് തിരുവനന്തപുരത്തെ ആശ്രയിക്കാതെ കഴിയാം. മാത്രമല്ല, സംസ്ഥാനത്ത് മറ്റെവിടെയുമില്ലാത്ത ഉപകരണങ്ങളും സൗകര്യങ്ങളുമാണ് കാന്‍സര്‍ സെന്‍ററിനോടൊപ്പം മലബാറിന് ലഭിക്കാന്‍ പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.