അനാസ്ഥയുടെ ‘മികവില്‍’ കുതിരവട്ടം മാനസികാരോഗ്യകേന്ദ്രം

കോഴിക്കോട്: പരാതി പറയാനും പ്രക്ഷോഭം നടത്താനും ആവശ്യങ്ങളുന്നയിക്കാനും ഇവര്‍ക്കാരുമില്ല. അതിനാല്‍, ഇവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരവുമില്ല. ജില്ലയിലെ മാനസികാരോഗ്യ കേന്ദ്രത്തിനാണ് ഈ പതിതാവസ്ഥ. 474 പേര്‍ക്കുള്ള സൗകര്യങ്ങള്‍ മാത്രമുള്ള ആശുപത്രിയില്‍ 590 രോഗികളാണുള്ളത്. ഇവരെ പരിചരിക്കാന്‍ വേണ്ടത്ര ജീവനക്കാരില്ല. 474 രോഗികളുടെ കണക്കനുസരിച്ച് 76 സ്റ്റാഫ് നഴ്സ് തസ്തികകളാണ് ആശുപത്രിക്കനുവദിച്ചത്. 10 എണ്ണം ഒഴിഞ്ഞുകിടക്കുന്നു. നാല് ഹെഡ്നഴ്സ് തസ്തികകളും ഡെപ്യൂട്ടി സൂപ്രണ്ട് തസ്തികയുമുള്‍പ്പെടെ നാലു ഡോക്ടര്‍മാരുടെ ഒഴിവുകളും ആശുപത്രിയിലുണ്ട്. നഴ്സിങ് അസിസ്റ്റന്‍റുമാരാണ് ഏറ്റവും കൂടുതല്‍ വേണ്ടത്. എന്നാല്‍, 82 നഴ്സിങ് അസിസ്റ്റന്‍റ് തസ്തികയില്‍ ഒന്ന് ഒഴിഞ്ഞുകിടക്കുകയാണ്. മാനസികാരോഗ്യകേന്ദ്രത്തില്‍ സ്ത്രീകളുടെ സെല്ലില്‍ പൊലീസ് കാവലില്ലാത്തതും പ്രശ്നങ്ങള്‍ക്കിടയാക്കുന്നു. കോടതി മുഖാന്തരം വരുന്നവരെ സെല്ലിലാണ് പാര്‍പ്പിക്കുക. പുരുഷന്മാരുടെ സെല്ലിന് പൊലീസ് കാവലുണ്ട്. സ്ത്രീകളുടെ സെല്ലിന് കാവലില്ല. ക്രിമിനല്‍ മനസ്സുള്ളവരും പ്രശ്നങ്ങളുണ്ടാക്കുന്നവരും ഇക്കൂട്ടത്തിലുണ്ടാകും. ഇവരെ നിയന്ത്രിക്കാന്‍ ജീവനക്കാരെക്കൊണ്ട് സാധിക്കില്ല. സെല്ലില്‍നിന്ന് പുറത്തുചാടുന്നതും മറ്റും പൊലീസുണ്ടെങ്കില്‍ മാത്രമേ തടയാനും സാധിക്കൂ. പക്ഷേ, വര്‍ഷങ്ങളായി വനിതാസെല്ലിന് പൊലീസ് കാവലില്ല. ഇവിടെനിന്ന് തടവുകാര്‍ രക്ഷപ്പെട്ടാല്‍ ജീവനക്കാര്‍ക്കാണ് കുറ്റം എന്നതാണവസ്ഥ. എന്നാല്‍, രോഗീപരിചരണമാണ് ആശുപത്രിജീവനക്കാരുടെ ദൗത്യമെന്നും മറ്റു പ്രശ്നങ്ങള്‍ പൊലീസാണ് കൈകാര്യം ചെയ്യേണ്ടതെന്നും സൂപ്രണ്ട് ഡോ. എന്‍. രാജേന്ദ്രന്‍ പറഞ്ഞു. കവര്‍ച്ചക്കേസിലെ പ്രതി പരപ്പനങ്ങാടി സ്വദേശിനി നസീമ സെല്ലിന്‍െറ ഭിത്തിതുരന്ന് രക്ഷപ്പെട്ട സംഭവത്തില്‍ ആശുപത്രിജീവനക്കാര്‍ പൊലീസ് സ്റ്റേഷന്‍ കയറേണ്ട അവസ്ഥയുമുണ്ടായി.കൂടാതെ, ആശുപത്രിയിലെ അന്തേവാസികളില്‍ 73 മലയാളികളും 50 മറ്റു സംസ്ഥാനക്കാരും ഉള്‍പ്പെടെ 123 പേര്‍ അസുഖം ഭേദമായവരാണ്. പലര്‍ക്കും കുടുംബവും ബന്ധുക്കളുമുണ്ട്. പക്ഷേ, അവരെ സ്വീകരിക്കാന്‍ ബന്ധുക്കള്‍ തയാറാകുന്നില്ല. ഇവരെ ആശാഭവനിലേക്ക് മാറ്റാമെന്ന് പറഞ്ഞിരുന്നെങ്കിലും മുഴുവന്‍പേരെയും അവിടേക്ക് മാറ്റുക സാധ്യമല്ല. വൃദ്ധരെയും മറ്റ് അസുഖങ്ങളുള്ളവരെയും അവിടെ സ്വീകരിക്കില്ല. കളിപ്പാട്ട നിര്‍മാണം പോലുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ കഴിവുള്ളവരെ മാത്രമേ സ്വീകരിക്കൂ. അതിനാല്‍, വളരെ കുറച്ചുപേരെ മാത്രമേ മാറ്റാനായിട്ടുള്ളൂവെന്ന് സൂപ്രണ്ട് പറഞ്ഞു. നല്ല പുനരധിവാസകേന്ദ്രവും ആവശ്യത്തിന് ജീവനക്കാരെയും അനുവദിച്ചാല്‍ മാത്രമേ ആശുപത്രി പ്രവര്‍ത്തനങ്ങള്‍ സുഗമമാകൂ. സൗകര്യങ്ങളൊന്നുമില്ലാത്തതിനാലാണ് വാര്‍ഡില്‍നിന്ന് തടവുപുള്ളി ചാടി രക്ഷപ്പെടുന്നതും രോഗികള്‍ ആത്മഹത്യക്ക് ശ്രമിക്കുന്നതും മറ്റും തടയാനാകാത്തതെന്ന് സൂപ്രണ്ട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.