മോദിയുടേത് തട്ടിപ്പ് ഭരണം –എളമരം കരീം

കോഴിക്കോട്: ഇന്ത്യക്കാര്‍ക്ക് നല്ല നാളുകള്‍ വാഗ്ദാനം ചെയ്ത് അധികാരത്തില്‍വന്ന മോദി സര്‍ക്കാര്‍ കര്‍ഷകരെയും തൊഴിലാളികളെയും പറ്റിക്കുന്ന ഭരണമാണ് നടത്തുന്നതെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം കുറ്റപ്പെടുത്തി. സി.പി.എം ജനകീയ പ്രതിരോധസമരം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികള്‍ പേരുമാറ്റി അവതരിപ്പിക്കുന്ന മോദി പാവപ്പെട്ട ജനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ആനുകൂല്യം ഉള്‍പ്പെടെ പ്രഖ്യാപിച്ച് വഞ്ചിക്കുകയാണ്. സര്‍ക്കാര്‍ ഈയിനത്തില്‍ ഒരു രൂപപോലും പാവപ്പെട്ടവന് നല്‍കുന്നില്ല. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് അഴിമതിക്കെതിരെ സമാനമായ പ്രതിഷേധമാണ് ബി.ജെ.പി പാര്‍ലമെന്‍റില്‍ നടത്തിയിരുന്നത് എന്ന് മറക്കരുത്. കേരളത്തില്‍ വികസനം വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന് എല്‍.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്നതിനപ്പുറം ഒരു പദ്ധതിയും കൊണ്ടുവരാനായില്ല. വികസനമുരടിപ്പിന്‍െറ അഞ്ചു വര്‍ഷമാണ് യു.ഡി.എഫ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കാന്‍ പോകുന്നതെന്നും കരീം ചൂണ്ടിക്കാട്ടി. സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ അധ്യക്ഷത വഹിച്ചു. ഡോ.എ. അച്യുതന്‍, ജനതാദള്‍-എസ് സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ എന്നിവര്‍ സംസാരിച്ചു. എ. പ്രദീപ്കുമാര്‍ എം.എല്‍.എ, മേയര്‍ എ.കെ. പ്രേമജം, പി.എ. മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.