കോഴിക്കോട്: പുതിയ ബസ്സ്റ്റാന്‍ഡിന്‍െറ ചീത്തപ്പേര് മാറ്റി മാതൃകാ സ്റ്റാന്‍ഡാക്കാന്‍ പൊലീസ് നേതൃത്വത്തില്‍ കച്ചവടക്കാരുടെയും തൊഴിലാളികളുടെയും യോഗംചേര്‍ന്നു. സിറ്റി പൊലീസ് കമീഷണര്‍ പി.എ. വത്സന്‍െറ നിര്‍ദേശപ്രകാരം കസബ സി.ഐ അനില്‍കുമാറിന്‍െറ അധ്യക്ഷതയിലാണ് വ്യാഴാഴ്ച രാവിലെ 11ന് കോഴിക്കോട് ബസ്സ്റ്റാന്‍ഡില്‍ യോഗം വിളിച്ചത്. സ്റ്റാന്‍ഡില്‍ സ്ഥിരമായുണ്ടാകുന്ന വിവിധമേഖലകളിലെ തൊഴിലാളികളും കച്ചവടക്കാരും പൊലീസുമായി സഹകരിച്ച് എല്ലാവിധ സാമൂഹികവിരുദ്ധരെയും തുരത്തും. അനധികൃത കച്ചവടക്കാരെ സ്റ്റാന്‍ഡിലും പരിസരത്തും അനുവദിക്കില്ല. അടിയന്തരമായി വിളക്കുകള്‍ കത്തിക്കാന്‍ കോര്‍പറേഷന്‍ അധികൃതരോട് ആവശ്യപ്പെടും. കുറ്റകൃത്യങ്ങള്‍ കണ്ടാല്‍ ഉടന്‍ പൊലീസിനെ വിവരമറിയിക്കാന്‍ പ്രത്യേക നമ്പര്‍ നല്‍കിയിട്ടുണ്ട്. ബസ്സ്റ്റാന്‍ഡിന്‍െറ സുരക്ഷയും സമാധാനാന്തരീക്ഷവും ഉറപ്പുവരുത്താന്‍ തൊഴിലാളികളും കച്ചവടക്കാരും പൊലീസും ഉള്‍പ്പെടുന്ന കോഓഡിനേഷന്‍ കമ്മിറ്റി രൂപവത്കരിക്കും. ബസ്സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചുള്ള ഗുണ്ടാപ്രവര്‍ത്തനം അമര്‍ച്ച ചെയ്യാന്‍ എല്ലാവരും ഒറ്റക്കെട്ടായി നീങ്ങണമെന്ന് സി.ഐ അനില്‍കുമാര്‍ ആവശ്യപ്പെട്ടു. ‘മാധ്യമം’ നഗരവൃത്തത്തില്‍ ‘മാതൃകയല്ല, ഇത് മാഫിയാ ബസ്സ്റ്റാന്‍ഡ്’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകളാണ് ബസ്സ്റ്റാന്‍ഡിന്‍െറ ദുരവസ്ഥ അനാവരണം ചെയ്തത്. പത്രവാര്‍ത്തയില്‍ പ്രകോപിതരായ ഗുണ്ടകള്‍ കച്ചവടക്കാരെ ഭീഷണിപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച ബസ്സ്റ്റാന്‍ഡില്‍ കടകളടച്ച് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. കോര്‍പറേഷന്‍ ആരോഗ്യവിഭാഗം അനധികൃത കച്ചവടക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിച്ചുതുടങ്ങിയതായി ഹെല്‍ത് ഇന്‍സ്പെക്ടര്‍ ശിവദാസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.