തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ ജില്ലാ പഞ്ചായത്തിന്‍െറ ‘കരുണ’

കോാഴിക്കോട്: രണ്ടുവര്‍ഷത്തിനുള്ളില്‍ ജില്ലയിലെ മുഴുവന്‍ തെരുവുനായ്ക്കളെയും വന്ധ്യംകരിക്കുകയും അവക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് നല്‍കുകയും ചെയ്യാന്‍ ലക്ഷ്യമിടുന്ന കരുണ (കോഴിക്കോട് ആനിമല്‍ റിഹാബിലിറ്റേഷന്‍ പ്രോജക്ട് യൂസിങ്് നോണ്‍ വയലന്‍റ് ആള്‍ട്ടര്‍നേറ്റിവ്സ്) പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. ഇതോടൊപ്പം ജില്ലയിലെ എല്ലാ വളര്‍ത്തുനായ്ക്കള്‍ക്കും ലൈസന്‍സ് ഏര്‍പ്പെടുത്താനും ശാസ്ത്രീയമായി തെരുവുമാലിന്യം സംസ്കരിക്കുന്നതിലൂടെ തെരുവുനായ്ക്കളുടെയെണ്ണം കുറക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഏതാനും നായ്ക്കളെ കൊന്നൊടുക്കുന്നതുകൊണ്ടു മാത്രം തെരുവുനായ് ശല്യം പരിഹരിക്കാനാവില്ളെന്ന കാഴ്ചപ്പാടാണ് കരുണ പദ്ധതി അവതരിപ്പിക്കുന്നത്. മൃഗസംരക്ഷണ വകുപ്പിന്‍െറ നേതൃത്വത്തിലാണ് ജില്ലയില്‍ പദ്ധതി നടപ്പാക്കുക. ഓരോ പഞ്ചായത്തും നല്‍കുന്ന രണ്ടുലക്ഷത്തിന് പുറമെ, കോര്‍പറേഷനും മുനിസിപ്പാലിറ്റികളും ജില്ലാ പഞ്ചായത്തും നീക്കിവെക്കുന്ന ഫണ്ട് ഉള്‍പ്പെടെ 1.6 കോടി രൂപയുടേതാണ് പദ്ധതി. പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് അടിസ്ഥാനത്തില്‍ തെരുവുനായ്ക്കളുടെ കണക്കെടുക്കും. പദ്ധതിയെക്കുറിച്ചും തെരുവുനായ നിയന്ത്രണത്തെക്കുറിച്ചും സ്കൂള്‍ വിദ്യാര്‍ഥികളിലൂടെ രക്ഷിതാക്കളെ ബോധവത്കരിക്കാനും പരിപാടിയുണ്ട്. പ്രത്യേക മൊബൈല്‍ ഓപറേഷന്‍ തിയറ്റര്‍ വഴിയാണ് പിടികൂടിയ നായ്ക്കളെ വന്ധ്യംകരിക്കുകയും കുത്തിവെപ്പ് നല്‍കുകയും ചെയ്യുക. ഒരു ഡോക്ടര്‍, പരിശീലനം സിദ്ധിച്ച രണ്ടു പട്ടിപിടിത്തക്കാര്‍, ഒരു സഹായി എന്നിവര്‍ വീതമടങ്ങുന്ന മൂന്നു സംഘങ്ങള്‍ നേതൃത്വം നല്‍കും. മൊബൈല്‍ തിയറ്ററിനുപുറമെ പ്രാദേശിക മൃഗാശുപത്രികളിലും സജീകരണങ്ങളൊരുക്കും. പദ്ധതി നടത്തിപ്പ് നിരീക്ഷിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന്‍െറയും ജില്ലാ കലക്ടറുടെയും നേതൃത്വത്തില്‍ ജില്ലാ തലത്തിലും പഞ്ചായത്ത് പ്രസിഡന്‍റുമാരുടെയും നേതൃത്വത്തില്‍ പഞ്ചായത്ത് തലത്തിലും മോണിറ്ററിങ് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കും. മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്കായിരിക്കും പദ്ധതിയുടെ നടത്തിപ്പ് ചുമതല. പദ്ധതിയെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കാനത്തില്‍ ജമീല അധ്യക്ഷത വഹിച്ചു. കരുണ പദ്ധതി തയാറാക്കിയ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കണാരന്‍ വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ബിജു താനിക്കാക്കുഴി, കോര്‍പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ജാനമ്മ കുഞ്ഞുണ്ണി, ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. ജോണ്‍ കട്ടക്കയം, ജില്ലാ പ്ളാനിങ് ഓഫിസര്‍ കെ.എം. സുരേഷ്, ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ. കെ. മാധവന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്‍. സലീം എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.