ബസുകള്‍ ട്രിപ് മുടക്കുന്നു; ഗ്രാമീണമേഖലയില്‍ യാത്രാദുരിതം

ആയഞ്ചേരി: ബസുകള്‍ ട്രിപ് മുടക്കുന്നത് ഗ്രാമീണമേഖലയിലെ യാത്രക്കാര്‍ക്ക് ദുരിതമായി. ബസില്ളെന്നറിയുന്നതോടെ വാഹനം വിളിച്ച് നാട്ടിലെത്തേണ്ട സ്ഥിതിയിലാണ് യാത്രക്കാര്‍. ജോലിക്ക് പോകുന്ന തൊഴിലാളികളുള്‍പ്പെടെയുള്ളവരാണ് ബുദ്ധിമുട്ടുന്നത്. സന്ധ്യയായാല്‍ നാട്ടിന്‍പുറങ്ങളിലേക്ക് വളരെ കുറച്ച് ബസുകളേ ഓടുന്നുള്ളൂ. മിക്ക ബസുകളും ട്രിപ്പ് റദ്ദാക്കുകയാണ്. നേരത്തെ ഗ്രാമീണ മേഖലയിലേക്ക് രാത്രി ഒമ്പതരവരെ ബസുകള്‍ സര്‍വിസ് നടത്തിയിരുന്നു. മണിയൂര്‍, വില്യാപ്പള്ളി- ആയഞ്ചേരി, ആയഞ്ചേരി-കോട്ടപ്പള്ളി റൂട്ടുകളില്‍ നേരത്തെ ജീപ്പുകള്‍ സമാന്തര സര്‍വിസ് ഉണ്ടായിരുന്നു. വരുമാനം കുറഞ്ഞതോടെ സര്‍വിസ് നടത്തുന്ന ബസുകളുടെ എണ്ണം കുറഞ്ഞിരുന്നു. ഇതിനൊരു പരിഹാരം എന്ന നിലക്കാണ് നാട്ടുകാര്‍ ഇടപെട്ട് ജീപ്പ് സര്‍വിസുകള്‍ നിര്‍ത്തിയത്. സമാന്തര സര്‍വിസ് ബസുകളുടെ വരുമാനം കുറക്കുന്നു എന്ന പരാതിയെ തുടര്‍ന്നാണ് നാട്ടുകാരുടെ ശ്രമഫലമായി ഈ റൂട്ടുകളില്‍ ജീപ്പുകള്‍ ഓടാതായത്. എന്നാല്‍, ബസുകള്‍ കൂടുതല്‍ സര്‍വിസ് നടത്തിയില്ളെന്ന് മാത്രമല്ല, പകല്‍ സമയങ്ങളില്‍ പോലും ട്രിപ് മുടക്കുന്നത് ഏറുകയാണുണ്ടായത്. സമാന്തര സര്‍വിസ് നിലനില്‍ക്കുന്ന റൂട്ടുകളില്‍ ജീപ്പുകളും ഓട്ടോകളും രാവിലെയും വൈകീട്ടും സ്കൂള്‍ കുട്ടികളെ കൊണ്ടുപോകുന്നതിനാല്‍ ആ സമയങ്ങളില്‍ ഇവയുടെ സേവനവും ലഭ്യമല്ല. കൂടുതല്‍ യാത്രക്കാരുണ്ടാകുന്ന രാവിലെയും വൈകീട്ടുമാണ് യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുന്നത്. ഈ സമയത്ത് ബസുകള്‍ ട്രിപ് മുടക്കുക കൂടി ചെയ്യുന്നതോടൈ യാത്രക്കാരുടെ പ്രയാസം ഇരട്ടിക്കുന്നു. ബസുകള്‍ ട്രിപുകള്‍ മുടക്കുന്നത് അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയാലും നടപടി എടുക്കുന്നില്ളെന്നാണ് യാത്രക്കാരുടെ പരാതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.