എ.സിയില്ല; അര്‍ബുദ വാര്‍ഡ് ഉപയോഗിക്കാനാകുന്നില്ല

കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ ഓങ്കോളജി വിഭാഗത്തിനായി നിര്‍മിച്ച വാര്‍ഡുകളില്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കാത്തതിനാല്‍ ഉപയോഗിക്കാനാകുന്നില്ല. കാന്‍സര്‍ ബ്ളോക്കിന്‍െറ മുകള്‍നിലയില്‍ ടി.എന്‍. സീമ എം.പിയുടെ ഫണ്ടില്‍നിന്ന് 75 ലക്ഷം രൂപ ചെലവഴിച്ചാണ് 20 കിടക്കകളുള്ള രണ്ടു വാര്‍ഡുകള്‍ വീതം നിര്‍മിച്ചത്. എന്നാല്‍, സ്ത്രീകളുടെ വാര്‍ഡില്‍ ഐ.സി.യു, ബാത്റൂം, വാഷ് ബേസിന്‍ എന്നിവയില്ല. ഇതിന് എം.പി വീണ്ടും 20 ലക്ഷം അനുവദിച്ചിട്ടുണ്ടെങ്കിലും സൗകര്യങ്ങളായിട്ടില്ല. പുരുഷന്മാരുടെ വാര്‍ഡില്‍ അഞ്ചു കിടക്കയുടെ സൗകര്യമുള്ള ഐ.സി.യു ഉണ്ടാക്കിയിട്ടുണ്ടെങ്കിലും എ.സിയില്ല. മൂന്ന് എ.സിയെങ്കിലും ഈ ഐ.സി.യുവിലേക്ക് ആവശ്യമാണ്. എന്നാല്‍, ഒന്നുപോലും ഇതുവരെ നല്‍കിയിട്ടില്ല. എ.സി സൗകര്യം ശരിയാക്കാമെന്ന് പറയാന്‍ തുടങ്ങിയിട്ട് മാസങ്ങളായെന്നും ഇനിയും സമയം പിടിക്കുമെന്നുമാണ് അധികൃതര്‍ പറയുന്നതെന്നും ഓങ്കോളജി വിഭാഗം ഇന്‍ ചാര്‍ജ് ഡോ. മജീദ് പറഞ്ഞു. നിലവില്‍ മെഡിസിന്‍ വാര്‍ഡായ രണ്ടില്‍ പുരുഷന്മാരും 31ല്‍ സ്ത്രീകളുമാണ് കഴിയുന്നത്. എന്നാല്‍, വേണ്ടത്ര സൗകര്യങ്ങളില്ലാത്തതിനാല്‍ ഗുരുതരാവസ്ഥയിലുള്ള പല രോഗികളും തറയില്‍ കിടക്കേണ്ട ഗതികേടിലാണെന്നും ഡോക്ടര്‍ പറഞ്ഞു. സൗകര്യങ്ങളില്ലാത്തതിനാല്‍ അഡ്മിറ്റ് ചെയ്യേണ്ട പല രോഗികളോടും ദിവസവും ആശുപത്രിയില്‍ വരാനും മറ്റും പറയുകയാണെന്നും ഡോക്ടര്‍ പറഞ്ഞു. സ്ത്രീകളും പുരുഷന്മാരുമായി 40 മുതല്‍ 45 രോഗികള്‍വരെ ദിവസവും അഡ്മിറ്റുണ്ടാകും. ഇവരെ ഉള്‍ക്കൊള്ളാവുന്ന തരത്തില്‍ വാര്‍ഡ് നിര്‍മിച്ചിട്ടും ആവശ്യത്തിന് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തതിനാല്‍ ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. അണുബാധ തടയാന്‍ വാര്‍ഡില്‍ എ.സി ഘടിപ്പിച്ച് സൗകര്യപ്പെടുത്തേണ്ടതാണെങ്കിലും തല്‍ക്കാലം പുരുഷന്മാരുടെ ഐ.സി.യുവില്‍ എ.സി ഘടിപ്പിച്ചാല്‍ അഞ്ചു രോഗികളെ അങ്ങോട്ടുമാറ്റാം. ഇത് നിലവില്‍ തറയില്‍ കിടക്കുന്ന അഞ്ചുരോഗികള്‍ക്ക് കിടക്കയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാനെങ്കിലും ഇടയാക്കും. നിലവില്‍ മുഴുവന്‍ നഴ്സുമാരെയും കോമണ്‍ പൂളിലിട്ട് അവിടെനിന്ന് ഓരോ വിഭാഗത്തിലേക്കും വീതിക്കാമെന്ന് സൂപ്രണ്ട് പറയുന്നു. റിട്ടയറായ പല നഴ്സുമാരും എച്ച്.ഡി.എസിനു കീഴിലും മറ്റുമായി സേവനങ്ങള്‍ നടത്തുന്നുണ്ട്. കോമണ്‍ പൂളിലിടുമ്പോള്‍ ഇവരെയും ഉള്‍പ്പെടുത്താമെന്നതിനാല്‍ നഴ്സുമാരുടെ കുറവ് അനുഭവപ്പെടില്ല. നിലവില്‍ മൂന്നു ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ ഈ വിഭാഗത്തിനായിട്ടുണ്ട്. എ.സി തയാറായാല്‍ ഭാഗികമായെങ്കിലും പ്രവര്‍ത്തനം തുടങ്ങാമെന്ന പ്രതീക്ഷയിലാണ് ഡോക്ടര്‍മാര്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.