രുചിക്കൂട്ടുകളില്‍നിന്ന് സാമൂഹിക സേവനത്തിലേക്ക് വാട്സ്ആപ് കൂട്ടായ്മ

കോഴിക്കോട്: നവ സാമൂഹിക മാധ്യമങ്ങളില്‍ ഭക്ഷണത്തിന്‍െറ രുചിക്കൂട്ടുകള്‍ കൈമാറിയിരുന്ന സൗഹൃദ കൂട്ടായ്മ സമൂഹത്തിന്‍െറ വേദനയില്‍ പങ്കുചേര്‍ന്ന് മാതൃകയായി. രസോയി എന്ന പേരില്‍ വാട്സ്ആപ്പിലും ഫേസ്ബുക്കിലും സജീവമായ കൂട്ടായ്മയാണ് സാമൂഹികനീതി വകുപ്പിന്‍െറ വികെയര്‍ പദ്ധതിയുമായി സഹകരിച്ച് സാമൂഹിക സുരക്ഷാ മിഷന്‍െറ പ്രത്യാശ പദ്ധതിയിലേക്ക് 50000 രൂപ സംഭാവന നല്‍കി മാതൃകയായത്. കോഴിക്കോട് അസ്മ ടവറില്‍ നടന്ന കൂട്ടായ്മയുടെ വാര്‍ഷിക സംഗമത്തിലാണ് കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്ന ഒ.വി. രിഫ മുഹമ്മദ് കേരള സാമൂഹിക സുരക്ഷാ മിഷന്‍ റീജനല്‍ ഡയറക്ടര്‍ ടി.കെ. മുഹമ്മദ് യൂനസിന് ചെക് കൈമാറിയത്. പാചകക്കുറിപ്പുകള്‍ക്കു പുറമെ കുടുംബ, ആരോഗ്യ, മാനസിക, സൗന്ദര്യ വിഷയങ്ങളും ചര്‍ച്ചചെയ്യുന്ന ഗ്രൂപ് സാമൂഹിക പ്രവര്‍ത്തനത്തിനുകൂടി ഇടം നല്‍കുന്നതിനുള്ള തുടക്കം കൂടിയായിരുന്നു സംഗമം. നസിയ ബഷീര്‍, ദിവ്യ ഷാനു, ദില്‍ന റഷീദ്, ഷബാന മുജീബ്, ഷബ്ന സാഹിര്‍ എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കി. സാമ്പത്തിക പരാധീനതമൂലം വിവാഹപ്രായം കഴിഞ്ഞ പെണ്‍കുട്ടികളെ സഹായിക്കാനായി വികെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സാമൂഹിക സുരക്ഷാ മിഷന്‍ നടപ്പാക്കുന്നതാണ് പ്രത്യാശ പദ്ധതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.