ദേശീയപാത: വയനാട്​ കണ്ട വലിയ പ്രതിഷേധം

വി. മുഹമ്മദലി കൽപറ്റ: കോഴിക്കോടുനിന്ന് വയനാട് വഴി കർണാടകയിലെ മൈസൂരു കടന്ന് കൊെല്ലഗലിൽ എത്തുന്നതാണ് ദേശീയപാത 766. ദൂരം 272 കി.മീറ്റർ. കേരളത്തിൽ 117 കി.മീറ്ററും കർണാടകയിൽ 155 കി.മീറ്ററും. ഇൗ റോഡിൽ രാത്രിയാത്ര നിരോധനം നിലവിലുണ്ട്. പകൽ നേരവും വാഹനങ്ങൾ നിരോധിക്കുന്നത് സംബന്ധിച്ച് സംസ്ഥാന, കേന്ദ്ര സർക്കാറുകൾ ഉൾപ്പെടെ കേസിലെ കക്ഷികളോട് സുപ്രീംകോടതി അഭിപ്രായം ആരാഞ്ഞതാണ് നാട്ടുകാരിൽ പ്രതിഷേധം ഉയർത്തിയത്. എല്ലാ പാർട്ടികളും സംഘടനകളും അണിനിരന്ന വയനാട് കണ്ട ഏറ്റവും വലിയ പ്രതിഷേധമാണ് ബത്തേരിയിൽ അലയടിക്കുന്നത്. ദേശീയപാത 212 പുനർനാമകരണം ചെയ്തതാണ് എൻ.എച്ച് 766. ഇത് എൻ.എച്ച് 948ലാണ് എത്തുന്നത്. ബംഗളൂരു- കോയമ്പത്തൂർ പാതയാണിത്. പാതകൾക്ക് നൂറ്റാണ്ടുകളുടെ ചരിത്രവുമുണ്ട്. 2009ൽ വന്യജീവികളുടെ സംരക്ഷണം ചൂണ്ടിക്കാട്ടി വനംവകുപ്പിൻെറ ആവശ്യം പരിഗണിച്ച് കർണാടകയിലെ ചാമരാജ്നഗർ ജില്ല കലക്ടർ കേരള അതിർത്തി വരെ 19.4 കി.മീറ്ററിൽ രാത്രി യാത്ര നിരോധിച്ചു. രാത്രി ഒമ്പതു മുതൽ രാവിലെ ആറുവരെയാണിത്. പരിസ്ഥിതി സംഘടനകൾ നിരോധനത്തിന് അനുകൂലമായി രംഗത്തുവന്നു. ഗതാഗത നിയന്ത്രണം തുടരാൻ ഹൈകോടതി നൽകിയ ഉത്തരവ് ഇന്നും തുടരുകയാണ്. രാത്രി ഒമ്പതു മണിക്കുശേഷം വാഹനങ്ങൾക്ക് അതിർത്തി ചെക്പോസ്റ്റ് കടക്കാനാവില്ല. ഇതിനെതിരായ അപ്പീൽ ഹരജിയാണ് സുപ്രീംകോടതിയിലുള്ളത്. മാനന്തവാടി വഴി ബദൽ പാതയുള്ളതിനാൽ 19.4 കി.മീറ്ററിൽ പൂർണമായി ഗതാഗത നിയന്ത്രണം വരുമെന്ന ആശങ്കയാണ് പ്രതിഷേധത്തിന് കാരണം. എന്നാൽ, മാനന്തവാടി- ബാവലി-മൈസൂരു പാതയിൽ വൈകുന്നേരം ആറു മുതൽ രാവിലെ ആറുവരെ ഗതാഗതം നിരോധനം തുടരുകയാണ്. വർഷങ്ങളായി പാത ഇങ്ങനെ അടഞ്ഞുകിടക്കുന്നു. രാക്കുരുക്കിൻെറ എല്ലാ പ്രയാസങ്ങളും ഒരു പതിറ്റാണ്ടിലേറെ അനുഭവിക്കുകയാണ് അവർ. മാനന്തവാടി -കുട്ട-ഗോണികുപ്പ-മൈസൂരു പാതയാണ് ഏക ബദൽ. ഇതിന് എൻ.എച്ച് പദവി ലഭിച്ചിട്ടില്ല. സുൽത്താൻ ബത്തേരി താലൂക്കിൽ അലയടിക്കുന്ന പ്രക്ഷോഭത്തിന് എന്നാൽ, മാനന്തവാടി താലൂക്കിൽ പ്രതികരണമില്ല. ജില്ലയിലെ മുഖ്യധാര രാഷ്ട്രീയ പാർട്ടികളിൽ ഇപ്പോൾ ഗതാഗത നിരോധനവും പ്രക്ഷോഭവും പുകയുകയാണ്. സാമൂഹിക മാധ്യമങ്ങളിലും വാദപ്രതിവാദങ്ങൾ തുടരുന്നു. ഇതോടൊപ്പം ബത്തേരി, മാനന്തവാടി 'പ്രാദേശികവാദ'വും ഉയരുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.