photo ekg ab3 കൊച്ചി: ദേശീയ പൗരത്വ രജിസ്റ്റർ അടക്കം ബി.ജെ.പി സർക്കാർ നടപ്പാക്കിയ ബില്ലുകളിലൂടെ ലക്ഷ്യമിടുന്നത് മുസ്ല ിംകൾ അടക്കമുള്ള ന്യൂനപക്ഷങ്ങളെയാണെന്നും ജർമനിയിൽ ഹിറ്റ്ലർ ചെയ്തതാണ് ഇവിടെ അമിത് ഷായും മോദിയും ചെയ്യുന്നതെന്നും പ്രമുഖ മാധ്യമപ്രവർത്തകൻ അമിത് സെൻ ഗുപ്ത. സോളിഡാരിറ്റിയും എസ്.ഐ.ഒയും സംയുക്തമായി എറണാകുളം വഞ്ചി സ്ക്വയറിൽ സംഘടിപ്പിച്ച അസം-കശ്മീർ ഐക്യദാർഢ്യ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കീടങ്ങളെ കൈകാര്യം ചെയ്യുന്നത് പോലെയാണ് ഇവർ ന്യൂനപക്ഷങ്ങളെ കാണുന്നത്. ഒരു മാധ്യമപ്രവർത്തകനെന്ന നിലയിൽ സൂനാമിയും ഗുജറാത്ത് കലാപവുമെല്ലാം റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും തന്നെ ഏറ്റവുമധികം വേദനിപ്പിച്ചത് 370ാം അനുച്ഛേദം പിൻവലിച്ചശേഷം കശ്മീരിൽ വാർത്തയെടുക്കാൻ പോയേപ്പാഴാണ്. സ്ത്രീകളും കുട്ടികളും വയോധികരും മുതൽ രാഷ്ട്രീയ നേതാക്കളും അഭിഭാഷകരും വരെ ജയിലഴിക്കുള്ളിലാണെന്നും അദ്ദേഹം പറഞ്ഞു. 'ദേശമില്ലാത്ത പൗരന്മാരും ദേശത്തിലെ തടവുകാരും' എന്ന സോളിഡാരിറ്റിയുടെ മുദ്രാവാക്യം നമ്മളോരോരുത്തരുടെയും ശബ്ദമായി മാറുന്നത് ഏറെ പ്രതീക്ഷയുള്ള കാര്യമാണെന്ന് ഉദ്ഘാടനപ്രസംഗത്തിൽ ഹൈബി ഈഡൻ എം.പി പറഞ്ഞു. വിഭജിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് ഭരണതന്ത്രം കടമെടുത്ത് കൃത്യമായ തന്ത്രങ്ങളോടെ ഭരണഘടന അട്ടിമറിച്ച് രാജ്യത്തിൻെറ ബഹുസ്വരത തകർക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രസർക്കാറും ആർ.എസ്.എസും നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻറ് സാലിഹ് കോട്ടപ്പള്ളി അധ്യക്ഷത വഹിച്ചു. മുൻ എം.പി ഡോ. സെബാസ്റ്റ്യൻ പോൾ, ആക്ടിവിസ്റ്റുകളായ കെ.കെ. ബാബുരാജ്, വി.ആർ. അനൂപ്, ജെ.എൻ.യു ഗവേഷണ വിദ്യാർഥി ആർ.എസ്. വസീം, നഹാസ് മാള, എം.പി. ഫൈസൽ, ശിഹാബ് പൂക്കോട്ടൂർ, ടി.എ. ബിനാസ്, ഉമർ ആലത്തൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.