പാലായിൽ ഇടതു മുന്നണിക്ക്​ ചരിത്രവിജയം

കോട്ടയം: കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് പാലാ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് ചരിത്രവിജയം. യു.ഡി .എഫ് സ്ഥാനാർഥി കേരള കോൺഗ്രസിലെ ജോസ് ടോമിനെ 2943 വോട്ടിന് പരാജയപ്പെടുത്തി ഇടതു സ്ഥാനാർഥി എൻ.സി.പിയിലെ മാണി സി. കാപ്പന്‍ അട്ടിമറിയിലൂടെ കേരള കോൺഗ്രസ് കോട്ട പിടിച്ചെടുത്തു. 54 വർഷത്തിനിടെ നടന്ന13 തെരഞ്ഞെടുപ്പുകളിൽ കെ.എം. മാണി മാത്രം വിജയിച്ച മണ്ഡലത്തിലാണ് അദ്ദേഹത്തിൻെറ മരണശേഷം മാണി സി. കാപ്പൻ അട്ടിമറി വിജയം നേടിയത്. മാണി സി. കാപ്പന് 54,137 വോട്ടും ജോസ് ടോമിന് 51,194 വോട്ടും ലഭിച്ചു.18,044 വോട്ടുനേടി ബി.ജെ.പി സ്ഥാനാര്‍ഥി എന്‍. ഹരി മൂന്നാം സ്ഥാനത്ത് എത്തി. 2006 മുതൽ കെ.എം. മാണിക്കെതിരെ പാലായിൽ മത്സരിക്കുന്ന മാണി സി. കാപ്പൻ നാലാം അങ്കത്തിലാണ് വിജയം കണ്ടത്. യു.ഡി.എഫ് കോട്ടകളിലെല്ലാം ശക്തമായ വിള്ളൽ സൃഷ്ടിക്കാൻ ഇടതു മുന്നണിക്ക് കഴിഞ്ഞു. യു.ഡി.എഫിൻെറ നെടുങ്കോട്ടയായ രാമപുരം ഉൾപ്പെടെ മണ്ഡലത്തിലെ 12 പഞ്ചായത്തുകളിൽ ഒമ്പതിടത്തും പാലാ നഗരസഭയിലും മാണി സി. കാപ്പൻ മുന്നിലെത്തി. മുത്തോലി, കൊഴുവനാൽ, മീനച്ചിൽ പഞ്ചായത്തുകൾ മാത്രമാണ് യു.ഡി.എഫിനെ തുണച്ചത്. ജോസ് കെ. മാണിയുടെ ബൂത്തില്‍പോലും ജോസ് ടോമിന് ലീഡ് നേടായില്ല. പാലാ നഗരസഭയില്‍ ഉള്‍പ്പെടുന്ന ബൂത്തില്‍ മാണി സി. കാപ്പനെക്കാള്‍ 10 വോട്ടിനു പിന്നിലാണ് ജോസ് ടോം. ക്രൈസ്തവ സഭകളുടെ വോട്ട് ബാങ്കുകളിലും ഇടതു മുന്നണി കടന്നുകയറി. സി.എസ്.ഐ സഭയുടെ പിന്തുണ മേലുകാവിൽ ഇടതു മുന്നണിക്ക് ഗുണം ചെയ്തു. കേരള കോൺഗ്രസിലെ ആഭ്യന്തരകലഹവും യു.ഡി.എഫ് സ്ഥാനാർഥിക്ക് രണ്ടിലചിഹ്നം നഷ്ടമായതും മീനച്ചിൽ താലൂക്കിൽ നിർണായക സ്വാധീനമുള്ള എസ്.എൻ.ഡി.പി വോട്ടുകൾ കൈപ്പിടിയിൽ ഒതുക്കാനായതും നാലാം അങ്കം സമ്മാനിച്ച സഹതാപവോട്ടുകളും കാപ്പന് തുണയായി. ബി.ജെ.പിയുെട സ്വാധീനമേഖലകളിലും വിള്ളൽ സംഭവിച്ചു. വോട്ടുകച്ചവടം നടത്തിയെന്ന ആരോപണം നിലനിൽക്കേ വോട്ടുവിഹിതം കുറഞ്ഞത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 24000ത്തിലധികം വോട്ടുനേടിയ ബി.ജെ.പിക്ക് ഇത്തവണ 18,044 വോട്ടുമാത്രമാണ് ലഭിച്ചത്. കെ.എം. മാണിയുടെ മരണശേഷം ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മണ്ഡലത്തിലെങ്ങും ഇടതു മുന്നണി മാസങ്ങളായി നടത്തിയ ചിട്ടയായ പ്രവർത്തനവും വിജയം സാധ്യമാക്കി. ഭരണത്തിൻെറ വിലയിരുത്തലാകുമെന്ന് ഭരണപക്ഷവും പ്രതിപക്ഷവും ഒന്നുപോലെ വിശേഷിപ്പിച്ച തെരഞ്ഞെടുപ്പിൽ ലഭിച്ച മികച്ച വിജയം സർക്കാറിനും ആശ്വാസകരമാണ്. 2006, 2011, 2016 വര്‍ഷങ്ങളില്‍ കെ.എം. മാണിക്കെതിരെ ശക്തമായ മത്സരം പാലായിൽ മാണി സി. കാപ്പന്‍ കാഴ്ചവെച്ചിരുന്നു. ബാര്‍കോഴ വിവാദത്തില്‍ കുടുങ്ങിയശേഷം നടന്ന കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കെ.എം. മാണിയുടെ ഭൂരിപക്ഷം 4703 വോട്ടായിരുന്നു. 1,79,107 വോട്ടർമാരായിരുന്നു മണ്ഡലത്തിൽ ആകെയുണ്ടായിരുന്നത്. 71.43 ശതമാനമായിരുന്നു പോളിങ് (1,27,939 വോട്ട്). 1500ലധികം പുതിയ വോട്ടർമാരും ഇത്തവണ പാലായിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.