ആദ്യവസാനം കാപ്പൻ മുന്നിൽ

കോട്ടയം: വോട്ടെണ്ണലിൻെറ ഒരുഘട്ടത്തിലും ലീഡ് വിട്ടുകൊടുക്കാതെയായിരുന്നു എൽ.ഡി.എഫ് സ്ഥാനാർഥി മാണി സി. കാപ്പ ൻെറ അട്ടിമറിക്കുതിപ്പ്. രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിച്ചെങ്കിലും ഒരുമണിക്കൂറിൻെറ കാത്തിരിപ്പിനൊടുവിലാണ് ആദ്യസൂചനയെത്തിയത്. പോസ്റ്റൽ, സർവിസ് വോട്ടുകളുടെ ഫലമായിരുന്നിത്. ഇടത്-വലത് സ്ഥാനാർഥികൾ തുല്യത പാലിച്ചു; ആറുവീതം. മൂന്നുവോട്ട് അസാധുവായി. ഇതിനുപിന്നാലെ ആദ്യ റൗണ്ടിലെ വോട്ടെണ്ണലിന് തുടക്കമായി. രാമപുരത്തെ 14 ബൂത്തുകളാണ് എണ്ണിയത്. ഇതിൽ 162 വോട്ടുമായി മാണി സി. കാപ്പൻ മുന്നിലെത്തി. രണ്ടാം റൗണ്ടിൽ രാമപുരത്തെ ആറ് ബൂത്തുകളിലും കടനാട് പഞ്ചായത്തിലെ ഭൂരിഭാഗം ബൂത്തുകളുമാണ് എണ്ണിയത്. ഇത് കഴിഞ്ഞപ്പോൾ കാപ്പൻെറ ലീഡ് 751 ആയി. മൂന്നാം റൗണ്ടിൽ കടനാട്ടിലെ ഒമ്പത് ബൂത്തുകളും മേലുകാവിലെ അഞ്ച് ബൂത്തുകളുമാണ് എണ്ണിയത്. ഇത് പൂർത്തിയായതോടെ കാപ്പന് 2231 വോട്ടിൻെറ ഭൂരിപക്ഷമായി. നാലാം റൗണ്ടിൽ മേലുകാവിലെ മൂന്ന് ബൂത്തും മൂന്നിലവിലെ ഒമ്പത് ബൂത്തും തലനാടിലെ രണ്ട് ബൂത്തുമാണ് എണ്ണിയത്. ഇതോടെ കാപ്പൻ 3006 വോട്ടിന് മുന്നിലായി. അഞ്ചാം റൗണ്ടിൽ തലനാട്ടിലെ അഞ്ച് ബൂത്തും തലപ്പലത്തെ ഒമ്പത് ബൂത്തുമായിരുന്നു. എന്നൽ, ഇവിടെ വലിയതോതിൽ ഭൂരിപക്ഷം ഉയർത്താൻ കാപ്പന് കഴിഞ്ഞില്ല. ആറാം റൗണ്ടിൽ യു.ഡി.എഫിന് ഭൂരിപക്ഷമുള്ള ഭരണങ്ങാനം പഞ്ചായത്താണ് എണ്ണിയത്. എന്നാൽ, അവിടെ 3404ൽനിന്ന് 3757 വോട്ടിലേക്ക് മാണി സി. കാപ്പൻ ലീഡുയർത്തി. ഭരണങ്ങാനം കൂടി കൈവിട്ടതോടെ യു.ഡി.എഫ് ക്യാമ്പ് തീർത്തും നിരാശയിലായി. ഏഴാം റൗണ്ടിൽ കരൂർ പഞ്ചായത്തിനൊപ്പം ഭരണങ്ങാനം പഞ്ചായത്തിലെ ബാക്കിയുള്ള വോട്ടും എണ്ണി. ഇത് പൂർത്തിയായതോടെ എൽ.ഡി.എഫിൻെറ ലീഡ് 4000 കടന്നു. ഏഴാം റൗണ്ടിൽ കാപ്പന് ആകെ 194 വോട്ടിൻെറ ലീഡ് മാത്രമേ കിട്ടിയുള്ളൂ. എട്ടാം റൗണ്ടിലേക്ക് കടന്നപ്പോൾ, കരൂരിൽ ബാക്കിയുള്ള നാല് ബൂത്തുകളും മുത്തോലിയിലെ പത്ത് ബൂത്തുമാണ് എണ്ണിയത്. കരൂരിലെ വോട്ട് എണ്ണിത്തീർത്തപ്പോൾ, അവിടെയും കാപ്പൻതന്നെ മുന്നിൽ. 4390 വോട്ടായി കാപ്പ‍ൻെറ ഭൂരിപക്ഷം കൂടി. എട്ടാം റൗണ്ടിൽ എത്തിയതോെട യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോം കരുത്തുകാട്ടി. ഈ റൗണ്ടിൽ 576 വോട്ടിൻെറ ലീഡ് യു.ഡി.എഫ് സ്വന്തമാക്കി. ഇതോടെ കാപ്പൻെറ ഭൂരിപക്ഷം 3724ലേക്ക് ഇടിഞ്ഞെങ്കിലും മുന്നിൽതന്നെ തുടർന്നു. ഒമ്പതാം റൗണ്ടിൽ മുത്തോലിയിലെ നാലു ബൂത്തുകളുടെയും പാലാ നഗരസഭയിലെ പത്ത് ബൂത്തുകളുടെയും വോട്ടെണ്ണിയപ്പോൾ മാണി സി. കാപ്പൻെറ ഭൂരിപക്ഷം 4296 ആയി വീണ്ടും കൂടി. മീനച്ചിൽ പഞ്ചായത്തിലെ ആറു ബൂത്തും പാലാ നഗരസഭയിലെ എട്ട് ബൂത്തും എണ്ണിയതോടെ പത്താം റൗണ്ടിൽ കാപ്പൻെറ ലീഡ് 3899 വോട്ടായി ഇടിഞ്ഞു. നഗരസഭയിൽ 258 വോട്ടിൻെറ ഭൂരിപക്ഷം ജോസ് ടോമിനായിരുന്നു. 11ാം റൗണ്ടിൽ മീനച്ചിലിലെ എട്ടാം ബൂത്തും കൊഴുവനാലിലെ ആറ് ബൂത്തുമാണ് എണ്ണിയത്. ജോസ് ടോമി‍ൻെറ ബൂത്ത് അടക്കമുള്ള ഇവിടെ വമ്പൻ മുൻതൂക്കം ലഭിക്കുമെന്ന് യു.ഡി.എഫ് പ്രതീക്ഷിച്ചെങ്കിലും അത്രക്ക് ലഭിച്ചില്ല. എന്നാൽ, കാപ്പൻെറ ലീഡ് 3021 ആയി കുറഞ്ഞു. ഈ റൗണ്ടിൽ ജോസ് ടോമിനാണ് ലീഡ് ലഭിച്ചത്. 878 വോട്ട്. അങ്ങനെ കരൂർ അടങ്ങിയ എട്ടാം റൗണ്ടിലും മീനച്ചിൽ അടങ്ങിയ പത്താം റൗണ്ടിലും കൊഴുവനാൽ അടങ്ങിയ 11ാം റൗണ്ടിലും ജോസ് ടോമിന് ലീഡ് കിട്ടി. 12ാം റൗണ്ടിൽ എൽ.ഡി.എഫ് സ്വാധീനമേഖലയായ എലിക്കുളത്തെ പത്ത് ബൂത്തും കൊഴുവനാലിലെ നാല് ബൂത്തുമാണുണ്ടായിരുന്നത്. അടുത്ത റൗണ്ട് പൂർത്തിയാതോടെ 2943 വോട്ടിൻെറ ഭൂരിപക്ഷത്തോടെ മാണി സി. കാപ്പന് ചരിത്രവിജയം. 12 പഞ്ചായത്തും ഒരു നഗരസഭയും ഉൾപ്പെടുന്ന മണ്ഡലത്തിൽ 2016ൽ തലനാട്, തലപ്പുലം പഞ്ചായത്ത് മാത്രമാണ് എൽ.ഡി.എഫിനെ പിന്തുണച്ചത്. എന്നാൽ, ഇത്തവണ രാമപുരം, കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂർ, എലിക്കുളം പഞ്ചായത്തുകൾ കാപ്പനു ഭൂരിപക്ഷം നൽകി. മുത്തോലി, മീനച്ചിൽ, കൊഴുവനാൽ പഞ്ചായത്തുകൾ മാത്രമാണ് യു.ഡി.എഫിനെ പിന്തുണച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.