'പാഠം ഒന്ന് പാടത്തേക്ക്' ഉദ്യോഗസ്ഥർക്ക് ആശങ്ക

ഏറ്റുമാനൂര്‍: പുതുതലമുറയെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കുക ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആരംഭിക്കുന്ന പാഠം ഒന ്ന് പാടത്തേക്ക് പദ്ധതി പ്രതിസന്ധിയിൽ. കാലാവസ്ഥ വ്യതിയാനവും പ്രളയവും മൂലം പലയിടത്തും നെല്‍കൃഷി ആരംഭിക്കാന്‍ പറ്റാത്ത സാഹചര്യം നിലനില്‍ക്കുമ്പോള്‍ എങ്ങനെ തുടക്കം കുറിക്കും എന്ന വിഷമത്തിലാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍. കൃഷി വകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പിൻെറ സഹകരണത്തോടെയാണ് വ്യാഴാഴ്ച പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. കാര്‍ഷിക കാലാവസ്ഥക്കനുസരിച്ചും സെപ്റ്റംബറിലെ നെല്‍കൃഷിയുടെ ഘട്ടത്തെ ആശ്രയിച്ചും ജില്ല തിരിച്ചുള്ള ആക്ടിവിറ്റി ചാര്‍ട്ട് കാര്‍ഷിക സര്‍വകലാശാലയാണ് തയാറാക്കുന്നത്. കുട്ടികള്‍ക്ക് ലഘുലേഖകള്‍ വിതരണം ചെയ്യലും പരിപാടിയുടെ പ്രചാരണവും ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും നടത്തും. അതേസമയം, സ്കൂളുകള്‍ കേന്ദ്രീകരിച്ച് കാര്‍ഷിക ക്ലബുകള്‍ രൂപവത്കരിക്കുക, നെല്‍കൃഷിയുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ കന്നിമാസത്തിലെ മകം നാളില്‍ കുട്ടികളെക്കൊണ്ട് ചെയ്യിക്കുക, സ്കൂളിന് അനുബന്ധമായ പാടം നെല്‍കൃഷിക്കായി ഒരുക്കുക തുടങ്ങിയവ അതത് പ്രദേശത്തെ കൃഷിഭവന്‍ ഉദ്യോഗസ്ഥരുടെ ചുമതലയാണ്. കാലം തെറ്റി പെയ്ത മഴയില്‍ മിക്ക പാടങ്ങളിലും വന്‍ വെള്ളക്കെട്ടാണ്. ഇങ്ങോട്ട് കൊച്ചുകുട്ടികളെ എത്തിക്കുന്നതും സുരക്ഷിതമല്ല. അതുകൊണ്ടുതന്നെ പാടങ്ങളിലേക്ക് എന്ന പരിപാടിയില്‍ അല്‍പം വ്യത്യാസം വരുത്തിയാണ് വ്യാഴാഴ്ച പദ്ധതിക്ക് പലയിടത്തും തുടക്കം കുറിക്കുക. പാടങ്ങളിലേക്ക് കുട്ടികളെയും കൊണ്ടുപോകുന്നതിനു പകരം ലഘുലേഖകള്‍ വിതരണം ചെയ്തും അരമണിക്കൂര്‍ വീതമുള്ള ബോധവത്കരണ ക്ലാസുകള്‍ നടത്തിയും തല്‍ക്കാലം മുഖം രക്ഷിക്കാനാണ് ശ്രമം. എന്നാൽ, കൃഷിയിറക്കിയതോ കൃഷിയിറക്കാന്‍ സാഹചര്യം അനുവദിക്കുന്നതോ ആയ പാടശേഖരങ്ങളില്‍ വിദ്യാർഥികളെ കൂട്ടിക്കൊണ്ടുപോകാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പെരുമാറ്റച്ചട്ടം നില്‍ക്കുന്ന സ്ഥലങ്ങളില്‍ പദ്ധതിയുടെ പ്രാദേശികതലത്തിലുള്ള ഉദ്ഘാടനം നടത്താനാകാത്തതും തിരിച്ചടിയായി. സര്‍ക്കാര്‍ വിതരണം ചെയ്ത മുഖ്യമന്ത്രി, മന്ത്രിമാരായ സുനില്‍കുമാര്‍, രവീന്ദ്രനാഥ് എന്നിവരുടെ ചിത്രങ്ങള്‍ സഹിതമുള്ള പോസ്റ്ററുകളും ബാനറുകളും ഈ പ്രദേശങ്ങളില്‍ ഉപയോഗിക്കാനും പറ്റില്ല. ഇവരുടെ ചിത്രങ്ങള്‍ നീക്കം ചെയ്ത ബാനറുകളും പോസ്റ്ററുകളും ഉപയോഗിച്ചാല്‍ മതി എന്ന നിര്‍ദേശത്തിന് മുന്നിലും എന്തു ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് ഉദ്യോഗസ്ഥര്‍. ബി. സുനില്‍കുമാര്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.