വനം വകുപ്പ്​ ജീവനക്കാരുടെ ക്വാർ​േട്ടഴ്​സിൽ ആറര കിലോ ചന്ദനമുട്ടി ക​ണ്ടെത്തി

കോട്ടയം: സംസ്ഥാന അതിർത്തിയിലെ ചിന്നാർ വനം വകുപ്പ് ചെക്ക്പോസ്റ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ജീവനക്കാരുടെ ക്വാർട്ടേഴ്‌സിൽ ചാക്കിൽക്കെട്ടിയ നിലയിൽ ആറര കിലോ ചന്ദനമുട്ടി കണ്ടെത്തി. ഓണക്കാല പരിശോധനകളുടെ ഭാഗമായി കോട്ടയം വിജിലൻസ് യൂനിറ്റിൻെറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. എക്സൈസ് ചെക്ക്പോസ്റ്റിൻെറ ചുമതലയിലുണ്ടായിരുന്ന ഇൻസ്പെക്ടർ ഓഫിസിൽ രേഖപ്പെടുത്താതെ അവധിയിലായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ചിന്നാറിലെ വനം വകുപ്പ് ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധയിൽ കാഷ് രജിസ്റ്റർ കൃത്യമായി പരിപാലിക്കുന്നില്ലെന്നും വാഹനങ്ങളുടെ നമ്പർ രേഖപ്പെടുത്തുന്നതിലടക്കമുള്ള വീഴ്ചകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് സമീപത്തെ ജീവനക്കാരുടെ ക്വാർട്ടേഴ്സിൽ വിജിലൻസ് പരിശോധന നടത്തിയത്. ചന്ദനമുട്ടി ക്വാർട്ടേഴ്സിനുള്ളിൽ ചാക്കിൽക്കെട്ടി ഒളിപ്പിച്ച നിലയിലായിരുന്നു. അതേസമയം, തിരുവോണദിവസം വനത്തിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ചന്ദനമുട്ടികളാണ് പരിശോധനയിൽ കസ്റ്റഡിയിൽ എടുത്തതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വാദം. ഓണത്തിരക്കിൽ ഇതുസംബന്ധിച്ച് മഹസർ രേഖപ്പെടുത്തിയിരുന്നില്ല. ഈ സാചര്യത്തിലാണ് ചന്ദനമുട്ടികൾ ക്വാർട്ടേഴ്സിലേക്ക് മാറ്റിയതെന്ന് വനം വകുപ്പ് ജീവനക്കാർ വ്യക്തമാക്കി. കോട്ടയം വിജിലൻസ് യൂനിറ്റ് എസ്.പി വി.ജി. വിനോദ്കുമാറിൻെറ നിർദേശാനസുരണം ഇൻസ്പെക്ടർ റിജോ പി. ജോസഫ്, ഇടുക്കി യൂനിറ്റ് ഇൻസ്പെക്ടർ സദൻ, കോട്ടയം യൂനിറ്റിലെ ഉദ്യോഗസ്ഥരായ വിനോദ് സുരേഷ്, സജി, ഇടുക്കി യൂനിറ്റ് അംഗങ്ങളായ ഡാനിയേൽ, സാമുവേൽ, സുരേന്ദ്രൻ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.