ബംഗളൂരു: മലയാളി ഹോട്ടൽ ഉടമയെ ഗുണ്ടാസംഘം ആക്രമിച്ച് പരിക്കേൽപിച്ചു. കല്യാൺ നഗറിലെ അർബൻ റൂഫ് ഹോട്ടൽ ഉടമ തൃശൂർ കേച്ചേരി സ്വദേശി ടി.എം. ഷാജൻ (42), ജീവനക്കാരായ അങ്കിത് കുമാർ (22), രൂപേഷ് (25) എന്നിവർക്കു നേരെയാണ് ആക്രമണം ഉണ്ടായത്. ഹോട്ടലിലെ ഫർണിച്ചറുകൾ തകർത്തു. കരാർ കാലാവധിയുണ്ടായിരുന്നിട്ടും ഹോട്ടൽ പ്രവർത്തിച്ച കെട്ടിടം ഒഴിയണമെന്നാവശ്യപ്പെട്ടായിരുന്നു മർദനമെന്ന് ഷാജൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അഞ്ചുവർഷത്തെ കരാറിലാണ് ഹോട്ടൽ ആരംഭിച്ചത്. എന്നാൽ, രണ്ടുവർഷം തികയുമ്പോഴേക്കും കെട്ടിടം വിറ്റെന്നും ഉടൻ ഒഴിയണമെന്നും ഉടമ ആവശ്യപ്പെട്ടു. പത്തു ലക്ഷം രൂപ ഡെപ്പോസിറ്റായി നൽകി 80,000 രൂപ പ്രതിമാസ വാടക നൽകിയാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നത്. ഹോട്ടൽ മോടിപിടിപ്പിക്കാനും ഉപകരണങ്ങൾക്കുമായി 80 ലക്ഷം രൂപ മുടക്കി. കരാർ കാലാവധി കഴിയാതെ ഒഴിയാനാകില്ലെന്ന് ഷാജൻ അറിയിച്ചു. തുടർന്നാണ് കെട്ടിടം വാങ്ങിയ രാജസ്ഥാൻ സ്വദേശി അനീസ് അഹ്മദിൻെറ നേതൃത്വത്തിലുള്ള സംഘം കല്യാൺ നഗറിലെ ഹോട്ടലിലെത്തിയത്. ഹോട്ടൽ ഒഴിയില്ലെന്ന നിലപാടിൽ ഷാജൻ ഉറച്ചുനിന്നതോടെ ഗുണ്ടാസംഘം ഹോട്ടലിലെ ഫർണിച്ചറുകൾ അടിച്ചുതകർത്തു. തടയാൻ ശ്രമിച്ചതോടെ ഷാജെനയും ജീവനക്കാരെയും മർദിച്ചു. ബാനസ് വാടി പൊലീസിലാണ് പരാതി നൽകിയത്. പൊലീസ് ഇടപെട്ടതോടെയാണ് ഭീഷണിപ്പെടുത്തി അടപ്പിച്ചിരുന്ന ഹോട്ടലിലേക്ക് ഷാജന് പ്രവേശിക്കാനായത്. സംഭവത്തെ തുടർന്ന് ബംഗളൂരു കേരളസമാജം, െക.എം.സി.സി എന്നീ സംഘടനകളുടെ പ്രവർത്തകരുടെ സഹായത്തോടെ ഈസ്റ്റ് ഡെപ്യൂട്ടി കമീഷണർക്കും ഷാജൻ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.