ബോഡിമെട്ട് ചൂണ്ടലിൽ ഉരുൾപൊട്ടൽ; ഇരുചക്ര വാഹനങ്ങൾ മണ്ണിനടിയിൽപ്പെട്ടു

രാജാക്കാട്: ബോഡിമെട്ടിന് സമീപം ചൂണ്ടലിൽ കനത്ത മഴയെ തുടർന്ന് ഉരുൾെപാട്ടൽ. ദേശീയപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങൾ മണ്ണിനടിയിൽപ്പെട്ടു. വാഹനങ്ങളിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. മരങ്ങൾ കടപുഴകി വീണും കല്ലും മണ്ണും പതിച്ചും മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ശനിയാഴ്ച രാവിലെ മുതൽ മതികെട്ടാൻ ദേശീയോദ്യാനം ഉൾപ്പെടെ പ്രദേശത്ത് കനത്ത മഴയാണ് അനുഭവപ്പെട്ടത്. വൈകീട്ട് നാലോടെ മലമുകളിൽ ഉരുൾപൊട്ടുകയും മലവെള്ളവും മണ്ണും പാറക്കൂട്ടങ്ങളും വൻതോതിൽ ദേശീയപാതയിലേക്ക് പതിക്കുകയുമായിരുന്നു. നിരവധി വാഹനങ്ങളാണ് ഈ സമയം ഇതുവഴി സഞ്ചരിച്ചിരുന്നത്. രണ്ട് ഇരുചക്ര വാഹനങ്ങൾക്ക് മീതേക്ക് മണ്ണ് പതിച്ചെങ്കിലും യാത്രക്കാർ ഓടി മാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നിരവധി മരങ്ങൾ കടപുഴകി റോഡിലേക്ക് പതിക്കുകയും ചെയ്തു. മതികെട്ടാൻചോല വനമേഖലയിൽ മണിക്കൂറുകളോളം പേമാരിക്ക് സമാനമായി മഴ പെയ്തുവെങ്കിലും പൂപ്പാറ, ബോഡിമെട്ട്, ബി.എൽ റാവ് തുടങ്ങിയ സമീപ പ്രദേശങ്ങളിൽ കാര്യമായി മഴ പെയ്തില്ല. തമിഴ്നാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്ക് ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് റോഡിൽ വാഹനങ്ങൾ മണിക്കൂറുകളോളം കുടുങ്ങി. ശാന്തൻപാറ എസ്.ഐ രാധാകൃഷ്ണൻെറ നേതൃത്വത്തിൽ പൊലീസും ദേശീയപാതാ വിഭാഗവും ചേർന്ന് മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് ഏറെ ശ്രമകരമായാണ് തടസ്സങ്ങൾ നീക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.