അബിനും അജിനും സ്വരൂപിച്ച പണം പ്രളയദുരിതാശ്വാസത്തിന്

പത്തനംതിട്ട: അച്ഛനും അമ്മയും നല്‍കിയ ഓരോ തുട്ട് നാണയങ്ങളും കുടുക്കയിലിട്ട് സ്വരൂപിക്കുമ്പോഴും ഈ തുക നാടിൻെറ ഏറ്റവും വലിയ കാരുണ്യപ്രവര്‍ത്തനത്തിന് ഉപകരിക്കുമെന്ന് റാന്നി അടിച്ചിപ്പുഴ പള്ളത്ത് സുരേഷ്-ബിന്ദു ദമ്പതികളുടെ മക്കളായ അബിനും അജിനും കരുതിയില്ല. ഓണാഘോഷ പരിപാടിയുടെ ഭാഗമായി നാട്ടിലെ സുഹൃത്തുക്കള്‍ക്കൊപ്പം ടൂര്‍ പോകുന്നതിനു വേണ്ടിയാണ് റാന്നി എസ്.സി സ്‌കൂൾ ആറാം ക്ലാസ് വിദ്യാര്‍ഥിയായ അബിനും അത്തിക്കയം എം.ടി എല്‍.പി സ്‌കൂൾ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ അജിനും നാണയങ്ങള്‍ സ്വരൂപിച്ചത്. എന്നാല്‍, നിനച്ചിരിക്കാതെയുണ്ടായ മഹാപ്രളയത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കാന്‍ നാടാകെ ഒന്നായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൈകോര്‍ക്കുന്നത് ടി.വിയിലൂടെ കണ്ടതോടെയാണ് ഈ കുരുന്നുകളുടെ മനസ്സില്‍ തങ്ങള്‍ സ്വരൂപിച്ച തുക കലക്ടറെ നേരില്‍കണ്ട് നല്‍കുന്നതിനു പ്രേരണയായത്. സുരേഷിൻെറ സഹോദരനായ ബിജുവിനും ബന്ധുക്കളായ അജീഷ്, നിഷാദ് എന്നീ ബന്ധുക്കള്‍ക്കും ഒപ്പമാണ് 2618 രൂപയുടെ നാണയങ്ങളുമായി കുട്ടികള്‍ കലക്ടറേറ്റില്‍ എത്തിയത്. കുട്ടികളെ തൻെറ സമീപത്ത് ചേര്‍ത്ത് നിര്‍ത്തി കലക്ടര്‍ ഈ കസേര നാളെ നിങ്ങള്‍ക്കുവേണ്ടി ഉള്ളതാണെന്ന് പറഞ്ഞ് അഭിനന്ദിച്ചു. ഇത്തരം കാരുണ്യപ്രവര്‍ത്തനം വിദ്യാര്‍ഥികളുടെ മനസ്സില്‍ ദേശസ്നേഹവും സഹാനുഭൂതിയും വളര്‍ത്താന്‍ സഹായിക്കുമെന്ന് കലക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. കലക്ടറും ജീവനക്കാരും കുട്ടികളും ചേര്‍ന്ന് തുക എണ്ണി തിട്ടപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.