പാലായും അപ്പർ കുട്ടനാടും വെള്ളത്തിൽ മുങ്ങി

കോട്ടയം: ബുധനാഴ്ചയും മഴ ശക്തമായതോടെ പാലായും സമീപപ്രദേശങ്ങളും വീണ്ടും വെള്ളത്തിൽ മുങ്ങി. ചങ്ങനാശ്ശേരി-ആലപ് പുഴ റോഡില്‍ അഞ്ചാംദിവസവും ഗതാഗതം തടസ്സപ്പെട്ടു. മൂവാറ്റുപുഴ-പുനലൂർ സംസ്ഥാനപാതയിൽ പാലായോടുചേർന്ന പ്രദേശങ്ങളിലെല്ലാം റോഡിൽ വെള്ളക്കെട്ട് ശക്തമായതോടെ ഗതാഗതം പൂർണമായും നിർത്തിവെച്ചു. പാലായിൽനിന്ന് തൊടുപുഴ, ഈരാറ്റുേപട്ട, പൊൻകുന്നം, കുമളി, എരുമേലി എന്നിവടങ്ങളിൽനിന്ന് പാലാ വഴി കടന്നുപോകേണ്ടതുമായ എല്ലാ ദീർഘദൂര സർവിസും മുടങ്ങി. കിഴക്കൻ വെള്ളത്തിൻെറ കുത്തൊഴുക്കിൽ ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. അപ്പർ കുട്ടനാട് മേഖലയിൽ ജനജീവിതം കടുത്ത ദുരിതത്തിലാണ്. നൂറുകണക്കിന് ഏക്കർ പാടശേഖരം വെള്ളത്തിൽ മുങ്ങി. അപ്പർ കുട്ടനാട്ടിൽ കുമരകം ഭാഗത്തുമാത്രം 500 ഹെക്ടറിൽ കൃഷിനശിച്ചു. ചില മേഖലകൾ ഒറ്റപ്പെട്ട നിലയിലാണ്. വെള്ളത്തിൻെറ വരവ് ശക്തമായി തുടരുന്നതിനാൽ ജില്ല ഭരണകൂടം കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും വിവിധ പ്രദേശങ്ങളിൽ ജലനിരപ്പ് മാറ്റമില്ലാതെ തുടരുകയാണ്. രാത്രി മുഴുവനും പകൽ ഇടവിട്ടും പെയ്ത മഴയാണ് ദുരിതംവിതച്ചത്. എ.സി റോഡിലൂടെ ഗതാഗതം എപ്പോൾ പുനരാരംഭിക്കുമെന്ന് വ്യക്തമല്ല. ചങ്ങനാശ്ശേരിയിൽനിന്ന് കുട്ടനാട്ടിലെ വിവിധ കേന്ദ്രങ്ങളിേലക്ക് ഒരു സർവിസും നടത്തിയില്ല. കോട്ടയം-ചേർത്തല റൂട്ടിൽ സർവിസ് ഭാഗികമായി പുനരാരംഭിച്ചു. കുമ്മനം ഇല്ലിക്കൽ മേഖലകളിൽ റോഡിൽനിന്ന് വെള്ളം ഇറങ്ങിയിട്ടില്ല. പാലായിൽ ചൊവ്വാഴ്ച രാത്രിയാണ് വെള്ളംകയറിയത്. പൊലീസിൻെറയും റവന്യൂ ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും അടിയന്തര ഇടപെടലിനെ തുടർന്ന് പലയിടത്തും വൻദുരന്തം ഒഴിവാക്കാനായി. വീടുകളിലും കച്ചവടസ്ഥാപനങ്ങളിലും വെള്ളംകയറി ലക്ഷങ്ങളുടെ നഷ്ടം നേരിട്ടു. മീനച്ചിലാർ മണിക്കൂറുകളോളം പാലാ നഗരത്തിലൂടെ കയറി ഒഴുകി. ടൗൺ ബസ്സ്റ്റാൻഡും കൊട്ടാരമറ്റം സ്റ്റാൻഡും കടകളും വെള്ളത്തിലായി. ഏറ്റുമാനൂർ-പാലാ റൂട്ടിലും കൊടുങ്ങൂർ-പാലാ റൂട്ടിലും ബ്രില്ല്യൻറ് കവലയിലും വെള്ളക്കെട്ട് ശക്തമായിരുന്നു. മണിമലയാറ്റിൽ വെള്ളം ഉയർന്നതോടെ കോസ്വേകളും ചെറുപാലങ്ങളും മുങ്ങി. പഴയിടം കോസ്വേയിൽ വെള്ളംകയറി. മണിമലയാറ്റിലും മീനച്ചിലാറ്റിലും പമ്പയിലും 10 അടി വരെ ജലനിരപ്പ് ഉയർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.