പ്രളയം; കർണാടകയിൽ 31മരണം, 14 ഒാളം പേരെ കാണാതായി

-ബെളഗാവിയിൽ ആകാശ നിരീക്ഷണം നടത്തി അമിത് ഷാ ബംഗളൂരു: ഞായറാഴ്ച ഏഴുപേരുടെ മരണം കൂടി സ്ഥിരീകരിച്ചതോടെ പ്രളയത്തിൽ കർണാടകയിൽ മരിച്ചവരുടെ എണ്ണം 31 ആയി ഉയർന്നു. വടക്കൻ കർണാടക, മലനാട് മേഖല, തീരദേശ മേഖല എന്നിവിടങ്ങളിലെ വെള്ളപ്പൊക്കത്തെതുടർന്ന് 14പേരെയാണ് കാണാതായിരിക്കുന്നത്. കുടകിൽ മണ്ണിടിച്ചിൽ പ്രദേശത്ത് കാണാതായവർക്കായുള്ള തിരച്ചിൽ ഞായറാഴ്ചയും തുടർന്നു. പ്രളയത്തിൽ ഏറ്റവും കൂടുതൽപേർ ദുരിതത്തിലായ ബെളഗാവിയിൽ ഞായറാഴ്ച വൈകീട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആകാശ നിരീക്ഷണം നടത്തി. തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ സന്ദർശനം നടത്തി. മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, കേന്ദ്ര സഹമന്ത്രി സുരേഷ് അങ്ങാടി തുടങ്ങിയവരുമായി അമിത് ഷാ സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തി. ബെളഗാവി (10), കുടക് (ഏഴ്), ഉത്തര കന്നട (നാല്), ചിക്കമഗളൂരു (രണ്ട്), ശിവമൊഗ്ഗ (രണ്ട്), ഉടുപ്പി (രണ്ട്), ധാർവാഡ് (മൂന്ന്), മൈസൂരു (ഒന്ന്) എന്നിങ്ങനെയാണ് 31പേരുടെ മരണം സ്ഥിരീകരിച്ചിട്ടുള്ളത്. കുടകിൽ എട്ടുപേരെയും ബെളഗാവിയിൽ രണ്ടുപേരെയും ചിക്കമഗളൂരുവിൽ മൂന്നുപേരെയും ഹാവേരിയിൽ ഒരാളെയുമാണ് കാണാതായിട്ടുള്ളത്. അതേസമയം, ഇതുവരെ 3.14 ലക്ഷം പേരെ വെള്ളപ്പൊക്കത്തിൽനിന്നും രക്ഷപ്പെടുത്തി. 17 ജില്ലകളിലായി 924 ദുരിതാശ്വാസ ക്യാമ്പുകളായി 2.18 ലക്ഷം പേരാണ് കഴിയുന്നത്. ചിക്കമഗളൂരുവിൽ മണ്ണിടിച്ചലിനെതുടർന്ന് ഒറ്റപ്പെട്ടപോയ 74പേരെ ഞായറാഴ്ച രക്ഷപ്പെടുത്തി. കടപുഴകിയ മരത്തിനടിയിൽ 36 മണിക്കൂറിലധികമായി കുടുങ്ങിയയാളെ സൈന്യം അതിസാഹസികമായാണ് രക്ഷപ്പെടുത്തിയത്. മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി വീരാജ് പേട്ട്, മടിക്കേരി എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു. കപില നദി കരകവിഞ്ഞ് നഞ്ചൻകോടിൽ ദേശീയപാത 766 ഗതാഗത തടസ്സം തുടരുകയാണ്. മൈസൂരുവിലേക്കും കേരളത്തിലേക്കുമുള്ള വാഹനങ്ങൾ വഴിതിരിച്ചുവിടുകയാണ്. മണ്ണിടിച്ചലിനെതുടർന്ന് ചിക്കമഗളൂരുവിലെ മുല്ലയാനഗിരി ഉൾപ്പെടെ വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ ആഗസ്റ്റ് 14വരെ വിലക്ക് ഏർപ്പെടുത്തി. ബെള്ളാരിയിലെ പൈതൃക നഗരമായ ഹംപിയിലെ പുരാതന കെട്ടിടങ്ങളും വെള്ളത്തിനടിയിലായി. കുടക് മേഖലയിൽ ഉൾപ്പെടെ ഞായറാഴ്ചയും കനത്ത മഴ തുടരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.