പരിശീലനത്തുഴച്ചിൽ കാണാൻ ആയിരങ്ങൾ; വള്ളംകളി ആവേശം നിറച്ച്​ കുമരകം

കോട്ടയം: ചുണ്ടൻവള്ളങ്ങളും കളിവള്ളങ്ങളും നെഹ്റുട്രോഫിയുടെ പരിശീലനത്തുഴച്ചിലിനായി ഒത്തുചേർന്നപ്പോൾ വള്ളംകളിയുടെ ആവേശമായി. തുഴച്ചിൽ കാണാൻ ആയിരങ്ങൾ. ഞായറാഴ്ച വൈകീട്ടാണ് കുമരകം മുത്തേരി മടത്തോട്ടിൽ പുന്നമടയിൽ പോരിനിറങ്ങുന്ന മൂന്ന് ചുണ്ടനും വെപ്പ് എ, ബി ഗ്രേഡ് വിഭാഗങ്ങളിൽപെട്ട വള്ളങ്ങളുമാണ് പരിശീലനത്തുഴച്ചിൽ നടത്തിയത്. കുമരകം ടൗൺ ബോട്ട് ക്ലബിൻെറ പായിപ്പാട്, വേമ്പനാട് ബോട്ട് ക്ലബിൻെറ വീയപുരം, വേമ്പനാട്ട് ജൂനിയർ ബോട്ട് ക്ലബിൻെറ കരുവാറ്റ, വെപ്പ് ഒന്നാംതരം സമുദ്രബോട്ട് ക്ലബിൻെറ ഷോട്ട് പുളിക്കത്തറ, ബ്രദേഴ്സ് ബോട്ട് ക്ലബിൻെറ പുന്നത്തറ വെങ്ങാഴി, വെപ്പ് രണ്ടാംതരം യുവശക്തി ബോട്ട് ക്ലബിൻെറ എബ്രഹാം മൂന്നുതൈക്കൽ, കെ.സി.വൈ.എമ്മിൻെറ ചിറമേൽ തോട്ടുകടവൻ എന്നീ വള്ളങ്ങളാണ് തുഴച്ചിലിന് എത്തിയത്. എല്ലാ വള്ളങ്ങളും ഒരുമിച്ചെത്തുേമ്പാൾ മത്സരത്തിൻെറ പ്രതീതിയുണ്ടാകുമെന്ന് കണക്കുകൂട്ടിയാണ് വള്ളംകളിപ്രേമികളും നാട്ടുകാരും മുത്തേരി മടത്തോട്ടിൻെറ ഇരുകരയിലും ഒത്തുചേർന്നത്. കാത്തിരിപ്പിനൊടുവിൽ ജഴ്സിയണിഞ്ഞ് ആദ്യമെത്തിയത് വീയപുരം ചുണ്ടനാണ്. ഇതോടെ ആവേശം അണപൊട്ടി. വഞ്ചിപ്പാട്ടും തുഴത്താളവുമായി ആഞ്ഞുതുഴഞ്ഞ് കുതിച്ചെത്തിയപ്പോൾ കരയിൽ കാത്തുനിന്നവർ ആർപ്പോ....ഇർറോ വിളിച്ചാണ് എതിരേറ്റത്. ഇതിനു പിന്നാലെ ആവേശം ഒട്ടും കുറക്കാതെ പായിപ്പാട് ചുണ്ടനും കരുവാറ്റയും പരിശീലനം ഗംഭീരമാക്കിയപ്പോൾ ജലമേളയുടെ വീറുംവാശിയും നിറഞ്ഞുനിന്നു. ഇതര സംസ്ഥാനക്കാരടക്കം ചുണ്ടനിൽ ഇടംപിടിച്ചപ്പോൾ താളമേളവും കൊഴുപ്പേകി. ചുണ്ടൻവള്ളങ്ങൾക്ക് പിന്നാലെ കളിവള്ളങ്ങളും മത്സരിച്ച് തുഴഞ്ഞപ്പോൾ ഓളപ്പരപ്പിൽ നിറഞ്ഞ ആവേശം കരയിലേക്ക് പടർന്നു. നെഹ്റുട്രോഫിയിൽ കരുത്തുകാട്ടാൻ ഇത്തവണ കോട്ടയത്തുനിന്ന് അഞ്ച് ചുണ്ടൻ വള്ളങ്ങളാണ് മത്സരിക്കുന്നത്. കുമരകം ടൗൺ ബോട്ട് ക്ലബിൻെറ പായിപ്പാട്, വേമ്പനാട് ബോട്ട് ക്ലബിൻെറ വീയപുരം, കൈപ്പുഴമുട്ട് എൻ.ഡി.ഡി.സി ബോട്ട് ക്ലബിൻെറ ദേവസ്, നവജീവൻ ബോട്ട് ക്ലബിൻെറ ജവഹർ തായങ്കരി എന്നീ ചുണ്ടൻ വള്ളങ്ങൾക്ക് പുറമെ കുമരകം ബോട്ട് ക്ലബിൻെറ പേരിൽ കൊല്ലം ടീം തുഴയുന്ന മഹാദേവ് കാട്ടിൽ തെക്കേത് ചുണ്ടനിലുമുണ്ട്. ഈമാസം 10ന് ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന വള്ളംകളിയിൽ ജേതാക്കളായി കുമരകത്തുകാർ ഉണ്ടാകുമെന്ന പ്രാർഥനയിലും പ്രതീക്ഷയിലുമാണ് വള്ളംകളി പ്രേമികൾ. ഇതിനായി അവസാനവട്ട പരിശീലനത്തുഴച്ചിൽ കുമരകത്തും പരിസരത്തുമായി പുരോഗമിക്കുകയാണ്. ബോട്ട് ക്ലബുകൾ നേരിടുന്ന സാമ്പത്തിക ബാധ്യത പല ക്ലബുകളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കുമരകത്തുതന്നെ വില്ലേജ് ബോട്ട് ക്ലബും കണ്ണാടിച്ചാൽ നവധാര ബോട്ട് ക്ലബും ഇക്കുറി ചുണ്ടൻ വള്ളങ്ങളിൽ മത്സരിക്കുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.