ജോസഫ് മാർ ഗ്രിഗോറിയോസ് യാക്കോബായ സഭ മെത്രാപ്പോലീത്തൻ ട്രസ്​റ്റി

കോലഞ്ചേരി: യാക്കോബായ സഭയുടെ പുതിയ മെത്രാപ്പോലീത്തൻ ട്രസ്റ്റിയായി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയെ സഭാ സുന്നഹദോസ് തെരഞ്ഞെടുത്തു. സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയാർക്ക സൻെററിൽ ബുധനാഴ്ച രാവിലെ സുന്നഹദോസ് ആരംഭിച്ചയുടൻ അധ്യക്ഷത വഹിച്ച കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് പുതിയ ആളെ നിർദേശിക്കാൻ ആവശ്യപ്പെട്ടു. നിലവിൽ മെത്രാപ്പോലീത്തൻ ട്രസ്റ്റി ചുമതല വഹിക്കുന്ന മൂന്നംഗ മെത്രാൻ സമിതിയിലെ മൂന്നു പേരോടും മത്സരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനെ തുടർന്നാണ് രഹസ്യ ബാലറ്റിലൂടെ വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പിൽ ജോസഫ് മാർ ഗ്രിഗോറിയോസിന് 12ഉം തോമസ് മാർ തീമോത്തിയോസിന് നാലും എബ്രഹാം മാർ സേവേറിയോസിന് രണ്ടും വോട്ട് ലഭിച്ചു. ഒരു വോട്ട് അസാധുവായി. ആകെ 19 മെത്രാപ്പോലീത്തമാരാണ് സുന്നഹദോസിൽ പങ്കെടുത്തത്. ആഗസ്റ്റ് 28 ന് ചേരുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ അംഗീകരിക്കുന്ന മുറക്ക് മാർ ഗ്രിഗോറിയോസ് സഭയുടെ മലങ്കരയിലെ നിർണായക പദവിയിലെത്തും. കാൽ നൂറ്റാണ്ടായി സഭയുടെ കൊച്ചി ഭദ്രാസനാധിപനായ അദ്ദേഹം 1960 നവംബർ 10 ന് മുളന്തുരുത്തി സ്രാമ്പിക്കൽ പള്ളിത്തിട്ട ഗീവർഗീസ് - സാറാമ്മ ദമ്പതികളുടെ നാലു മക്കളിൽ ഇളയ ആളാണ്. 1984 ൽ വൈദീകനായി. 1994 ജനുവരി 16ന് കൊച്ചി ഭദ്രാസന ചുമതലയുള്ള മെത്രാപ്പോലീത്തയുമായി. യാക്കോബായ സഭ നിയമപരമായി പ്രവർത്തനമാരംഭിച്ചതു മുതൽ ഒന്നര പതിറ്റാണ്ടോളം സുന്നഹദോസ് സെക്രട്ടറിയായിരുന്നു. കൂടാതെ സഭക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജറുമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.