വന്യമൃഗശല്യം: നഷ്​ടപരിഹാരം വേഗത്തിൽ ലഭ്യമാക്കും -മന്ത്രി കെ. രാജു

കോന്നി: വന്യമൃഗശല്യം മൂലം കൃഷി നഷ്ടം സംഭവിക്കുന്ന കർഷകർക്ക് നഷ്ടപരിഹാരത്തുക വേഗത്തിൽ ലഭ്യമാക്കുമെന്ന് മന്ത്രി കെ. രാജു. സപ്തസാര സാംസ്കാരിക സമിതി നേതൃത്വത്തിൽ സംഘടിപ്പിച്ച കാർഷിക പരിസ്ഥിതി സെമിനാർ തണ്ണിത്തോട്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്നത്തെ കാലഘട്ടത്തിൽ വനവും കർഷകരും നേരിടുന്ന വിഷയങ്ങൾ നിരവധിയാണ്. വന്യമൃഗങ്ങൾ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്ന സംഭവങ്ങൾ വ്യാപകമാകുന്നുണ്ട്. ഇത് തടയാൻ സോളാർ വേലിയും മറ്റ് പ്രതിരോധ മാർഗങ്ങളും സ്വീകരിക്കാൻ വനംവകുപ്പിൻെറ ഇടപെടൽ ശക്തമാക്കും. ഭാവിയിൽ ഓരോ ജില്ലയിലും വനഅദാലത്തുകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സപ്തസാര സാംസ്കാരിക സമിതി പ്രസിഡൻറ് എൻ. ലാലാജി അധ്യക്ഷത വഹിച്ചു. ചേളാവിൻെറ പുനരാവിഷ്കരണവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു. ആദ്യകാല കർഷകരെ ആദരിക്കലും കല്ലൂർ വഞ്ചിയുടെ നടീലും വീണ ജോർജ് എം.എൽ.എ നിർവഹിച്ചു. മികച്ച കർഷകരെ ചിറ്റയം ഗോപകുമാർ എം.എൽ.എ ആദരിച്ചു. ജില്ല പഞ്ചായത്ത് അംഗം ആർ.ബി. രാജീവ് കുമാർ ക്ഷീരകർഷകരെ ആദരിച്ചു. പി.ജെ. ജോഷ്വാ വിഷയാവതരണം നടത്തി. അഖിലേന്ത്യ കിസാൻ സഭ ദേശീയ എക്സിക്യൂട്ടിവ് അംഗം ഓമല്ലൂർ ശങ്കരൻ മോഡറേറ്ററായി. ചിറ്റയം ഗോപകുമാർ എം.എൽ.എ, എ.ഐ.വൈ.എഫ് ജില്ല പ്രസിഡൻറ് എ. ദീപകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ആർ. രാമചന്ദ്രൻപിള്ള, നിരീഷ് മോഹൻ, സി.വി. രാജൻ, മോനി മുട്ടുമണ്ണിൽ, എൽ.എം. മത്തായി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.