താളംനിലച്ച്​ കൊടുമൺ കൈത്തറിനെയ്ത്ത് സംഘം

പന്തളം: കൊടുമൺ കൈത്തറി നെയ്ത്ത് സഹകരണ സംഘത്തിൻെറ പ്രവർത്തനം നിലച്ച് സ്ഥലവും കെട്ടിടവും കാടുകയറി നശിക്കുന്നു. ചുറ്റുമതിൽ തകർന്നതോടെ സാമൂഹികവിരുദ്ധർ കെട്ടിടത്തിനുള്ളിൽ കയറി നാശനഷ്ടങ്ങളുണ്ടാക്കുന്നതും പതിവായി. ചരിത്രപ്രസിദ്ധമായ കൊടുമൺ പള്ളിയറ ദേവീക്ഷേത്രത്തിന് സമീപം സ്ഥിതിചെയ്യുന്ന കെട്ടിടമാണ് ഏതുനിമിഷവും തകർന്നുവീഴാവുന്ന നിലയിലുള്ളത്. കഴുക്കോലും പട്ടികകളും ഒടിഞ്ഞ് മേൽക്കൂരയുടെ ഷീറ്റുകൾ നിലംപൊത്തി. കെട്ടിടത്തിൻെറയും ഷോറൂമിൻെറയും ഷട്ടറുകൾ തുരുമ്പെടുത്ത് നശിച്ചുതുടങ്ങി. ലക്ഷങ്ങൾ വിലവരുന്ന തറികളെല്ലാം മഴയും വെയിലുമേറ്റ് നശിക്കുകയാണ്. ഇൻഡസ്ട്രിയൽ സൊസൈറ്റിയായി വ്യവസായവകുപ്പിൽ രജിസ്ട്രേഷൻ ചെയ്ത ദലിത് ഹാൻഡ് വീവേഴ്സ് ഇൻഡസ്ട്രിയൽ കോഓപറേറ്റിവ് സൊസൈറ്റി എന്ന പേരിൽ 1985ലാണ് ഈ നെയ്ത്തുശാല പ്രവർത്തനമാരംഭിക്കുന്നത്. നെയ്ത്ത് പരിശീലനം ലഭിച്ച പട്ടികജാതി വിഭാഗത്തിൽപ്പെട്ട തൊഴിലാളികളെ ഉൾപ്പെടുത്തി തുടങ്ങിയതാണ് ഈ സംഘം. തുടക്കത്തിൽ അമ്പത് തൊഴിലാളികളിവിടെ ജോലിയെടുത്തിരുന്നു. സാരി, മുണ്ട്, ഷർട്ട് പീസ്, കൈലി, ഷീറ്റ്, തോർത്ത് തുടങ്ങിയ വസ്ത്രങ്ങളായിരുന്നു ഇവിടെ ഉൽപാദിപ്പിച്ചുകൊണ്ടിരുന്നത്. ചാത്തന്നൂർ, ആറ്റിങ്ങൽ, ബാലരാമപുരം, തൃശൂർ, എന്നിവിടങ്ങളിൽനിന്നായിരുന്നു ഇവിടെ വസ്ത്രങ്ങൾ ഉൽപാദിപ്പിക്കുന്നതിന് വേണ്ട നൂലുകൾ എത്തിച്ചിരുന്നത്. നെയ്ത്ത് വസ്ത്രങ്ങളുടെ വിപണി ഇല്ലാതായതും കൂലിക്കുറവും ജോലിഭാരവും മൂലം തൊഴിലാളികളുടെ എണ്ണത്തിൽ ക്രമാനുഗതമായ കുറവുണ്ടായി. 2012ൽ പ്രവർത്തനം പൂർണമായി നിലച്ചു. പ്രതിഷേധത്തിൻെറ ഭാഗമായി വർഷങ്ങൾക്കുശേഷം ഇതിനുസമീപം മറ്റൊരു നെയ്ത്ത് കേന്ദ്രം ആരംഭിച്ചെങ്കിലും അതിൻെറ അവസ്ഥയും ഇന്ന് പരിതാപകരമാണ്. പട്ടികജാതി വിഭാഗത്തിൽപെട്ട ഒട്ടനവധി ചെറുപ്പക്കാർക്ക് തൊഴിൽ നൽകുന്ന ഈ സംരംഭം പുനർജീവിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും അല്ലെങ്കിൽ മറ്റ് വ്യവസായങ്ങൾ നടത്താൻ കെട്ടിടം വിട്ടുനൽകണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.