പൊലീസിന്​ ക്ഷീണമായി കസ്​റ്റഡി മർദനം; ഡി.ഐ.ജി പ​ങ്കെടുത്ത്​ ഉദ്യോഗസ്​ഥരുടെ യോഗം

മൂന്നാർ: ജില്ലയിലെ സ്‌റ്റേഷനുകളിൽ രണ്ടു കസ്റ്റഡി മർദനങ്ങൾ പൊലീസിൻെറ പേരിന് കളങ്കംചാർത്തിയ സാഹചര്യത്തിൽ മൂന്നാറിൽ ഡി.ഐ.ജി പങ്കെടുത്ത് ജില്ലയിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ യോഗം. ഇടുക്കി ജില്ലയുടെ ചുമതലയുള്ള എറണാകുളം റേഞ്ച് ഡി.ഐ.ജി കാളിരാജ് മഹേഷ്കുമാറിൻെറ നേതൃത്വത്തിൽ മൂന്നാറിലെ കെ.ടി.ഡി.സി ഹോട്ടലിലായിരുന്നു യോഗം. ജില്ല പൊലീസ് മേധാവി വേണുഗോപാൽ, ഡിവൈ.എസ്.പിമാർ, വിവിധ സ്‌റ്റേഷനുകളിലെ സി.ഐമാർ, എസ്.ഐമാർ തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിലെ പൊലീസ് ഭരണത്തിൽ സൗഹൃദപരമായ സമീപനം ഉറപ്പാക്കാൻ സുപ്രധാന നിർദേശങ്ങൾ നൽകിയ ഐ.ജി, പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്ന താക്കീതും ഉദ്യോഗസ്ഥർക്ക് നൽകിയതായാണ് സൂചന. നെടുങ്കണ്ടം, മൂന്നാർ എന്നീ സ്‌റ്റേഷനുകളിലാണ് പ്രതികൾ മർദനത്തിനിരയായത്. രണ്ടു സംഭവത്തിലും എസ്.ഐ അടക്കം എട്ടു പൊലീസ് ഉദ്യോഗസ്ഥർ സസ്‌പെൻഷനിലാണ്. പീരുമേട് സബ്ജയിലിൽ മരിച്ച റിമാൻഡ് പ്രതിക്ക് കസ്റ്റഡിയിൽ മർദനമേറ്റെന്ന് ഉറപ്പിച്ചാണ് നടപടി. മൂന്നാറിൽ ക്രിമിനൽ കേസ് പ്രതിയുടെ മൊഴിയിലാണ് നടപടി. രണ്ടു സംഭവവും ഇടുക്കി പൊലീസിന് ക്ഷീണമേൽപിച്ചിരുന്നു. പ്രതികളെ പിടികൂടുമ്പോൾ പാലിക്കേണ്ട ജാഗ്രതയും കണിശതയും സ്‌റ്റേഷൻ ഹൗസ് ഓഫിസർമാർ പാലിച്ചേ തീരൂ എന്ന് ഐ.ജി മുന്നറിയിപ്പുനൽകി. കസ്റ്റഡിയിൽ െവച്ച് പ്രതികൾക്ക് ദേഹോപദ്രവം ഉണ്ടാകുന്നത് ഒഴിവാക്കണം. സൗഹാർദപരമായ പെരുമാറ്റത്തിലൂടെ ജനവിശ്വാസം ആർജിക്കുന്നതിൽ പ്രത്യക ശ്രദ്ധപുലർത്തണമെന്നും നിർദേശം നൽകിയിട്ടുണ്ട്. രണ്ട് തവണയായാണ് യോഗം നടന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.