റിമാൻഡ്​ പ്രതി മരിച്ച സംഭവം: എ.എസ്​.ഐ അടക്കം മൂന്നുപേർക്കു കൂടി സ്​ഥലംമാറ്റം

നെടുങ്കണ്ടം: ഹരിത ഫിനാൻസ് തട്ടിപ്പ് കേസ് പ്രതി വാഗമൺ കോലാഹലമേട് കസ്തൂരിഭവനിൽ രാജ്കുമാർ (49) പീരുമേട് സബ്ജയിലിൽ മരിച്ച സംഭവത്തിൽ എ.എസ്.ഐ ഉൾപ്പെടെ മൂന്നു പൊലീസുകാർക്കുകൂടി സ്ഥലംമാറ്റം. എ.എസ്.ഐ റോയി, സി.പി.ഒമാരായ ശ്യാംകുമാർ, സന്തോഷ് എന്നിവരെയാണ് ബുധനാഴ്ച എ.ആർ ക്യാമ്പിലേക്കു മാറ്റിയത്. സംഭവത്തിൽ ഇതുവരെ നെടുങ്കണ്ടം സി.ഐ ഉൾപ്പെടെ എട്ട് പൊലീസുകാരെ സ്ഥലംമാറ്റി. എസ്.ഐ അടക്കം നാലുപേരെ സസ്പെൻഡ് ചെയ്തു. നടപടി നേരിട്ട ഉദ്യോഗസ്ഥരുടെ എണ്ണം ഇതോടെ 12 ആയി. സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി ജിൽസൺ മാത്യു ബുധനാഴ്ച നെടുങ്കണ്ടം സ്റ്റേഷനിലെത്തി തെളിവെടുപ്പു നടത്തി. അതിനിടെ രാജ്കുമർ സബ്ജയിലിൽ മരിച്ച സംഭവത്തിലും പ്രതി ഉൾപ്പെട്ട പണം തട്ടിപ്പ് കേസിലും ഇടുക്കി ൈക്രംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തി. ഡിവൈ.എസ്.പി ടി.എ. ആൻറണിയുടെ നേതൃത്വത്തിലെ സംഘം വ്യാഴാഴ്ച നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലും രാജ്കുമാറിന് ആദ്യം ചികിത്സ നൽകിയ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും എത്തി തെളിവുകൾ ശേഖരിക്കും. റേഞ്ച് ഐ.ജി കാളിരാജ് മഹേഷ്കുമാറിൻെറ നേതൃത്വത്തിൽ ഇടുക്കി എസ്.പി കെ.ബി. വേണുഗോപാൽ, കട്ടപ്പന ഡിവൈ.എസ്.പി എൻ.സി രാജ്മോഹൻ, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി പയസ് ജോർജ് എന്നിവരടങ്ങിയ സംഘം നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെത്തി പ്രാഥമിക അന്വേഷണം നടത്തിയതിന് പിന്നാലെയാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് തുടക്കമായത്. 16ന് റിമാൻഡിലായ രാജ്കുമാർ 21നാണ് മരിച്ചത്. സ്വയംസഹായ സംഘങ്ങളിൽനിന്ന് വായ്പ നൽകാമെന്ന് വാഗ്ദാനം ചെയ്ത് േപ്രാസസിങ് ഫീസ് ഇനത്തിൽ ഹരിത ഫിനാൻസ് എന്ന സ്ഥാപന നടത്തിപ്പുകാരനായ രാജ്കുമാറും കൂട്ടാളികളായ ആലപ്പുഴ തോണക്കാട് സ്വദേശിനി ശാലിനി ഹരിദാസ്, തൂക്കുപാലം സ്വദേശിനി മഞ്ജു എന്നിവർ വൻതോതിൽ പണം ഈടാക്കിയിരുന്നു. പണം അടച്ച് മാസങ്ങൾ പിന്നിട്ടിട്ടും വായ്പ ലഭിക്കാതെ വന്നതോടെ സ്ഥാപനത്തിലെത്തി സംഘാംഗങ്ങൾ ബഹളം െവച്ചപ്പോൾ നെടുങ്കണ്ടം പൊലീസ് സ്ഥാപനം അടപ്പിക്കുകയും ഇവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഒടുവിലാണ് മുഖ്യപ്രതി രാജ്കുമാർ അറസ്റ്റിലായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.