തെരുവുനായ്​ കുറുകെ ചാടി അപകടം: നഷ്​ടപരിഹാരം നൽകണമെന്ന ഉത്തരവ്​ ഹൈകോടതി മരവിപ്പിച്ചു

കൊച്ചി: തെരുവുനായ് ബൈക്കിന് കുറുകെ ചാടിയതിനെത്തുടർന്ന് വീണ് പരിക്കേറ്റയാൾക്ക് പഞ്ചായത്ത് നഷ്ടപരിഹാരം നൽകണമ െന്ന ജസ്റ്റിസ് എസ്. സിരിജഗൻ കമ്മിറ്റിയുടെ ഉത്തരവ് നടപ്പാക്കുന്നത് ഹൈകോടതി താൽക്കാലികമായി മരവിപ്പിച്ചു. ഉത്തരവ് മൂന്നു മാസത്തേക്ക് നടപ്പാക്കരുതെന്നും തുടർനടപടി പാടില്ലെന്നും കോടതി നിർദേശിച്ചു. എതിർ കക്ഷികൾക്ക് നോട്ടീസ് അയക്കാനും ഉത്തരവായി. പരിക്കേറ്റ ജസ്റ്റിന്‍ ആല്‍ബര്‍ട്ട് എന്നയാള്‍ക്ക് 1,83,714 രൂപ നഷ്ടപരിഹാരം നല്‍കാനുള്ള സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റിയുടെ 2018 നവംബറിലെ ഉത്തരവിനെതിരെ പത്തനംതിട്ട കുളനട ഗ്രാമപഞ്ചായത്ത് സമർപ്പിച്ച ഹരജിയിലാണ് ഇടക്കാല ഉത്തരവ്. പത്തനംതിട്ട പുതുവക്കല്‍ സ്വദേശിയായ ജസ്റ്റിന്‍ ആല്‍ബര്‍ട്ടിന് 2016 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയാണ് രാമഞ്ചിറ പ്രദേശത്തുവെച്ച് നായ് കുറുകെ ചാടിയതിനെത്തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റത്. അദ്ദേഹം നൽകിയ പരാതി പരിഗണിച്ച കമ്മിറ്റി നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുകയായിരുന്നു. ഇങ്ങനെ ഉത്തരവിടാൻ കമ്മിറ്റിക്ക് അധികാരമില്ലെന്നും തെരുവുനായ് കടിച്ചതുമായി ബന്ധപ്പെട്ട കേസുകളാണ് അവർ പരിഗണിക്കേണ്ടതെന്നും വാദിച്ചാണ് പഞ്ചായത്ത് ഹരജി നൽകിയത്. പരാതിയുടെ പകര്‍പ്പ് പോലും കമ്മിറ്റി നല്‍കാത്തതിനാൽ ശരിയായ രീതിയില്‍ വാദിക്കാനായില്ലെന്നും നഷ്ടപരിഹാരം നല്‍കണമെന്ന വിധി ഹരജി തീർപ്പാകുംവരെ സ്റ്റേ ചെയ്യണമെന്നുമായിരുന്നു പഞ്ചായത്തിൻെറ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.