തൊടുപുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫിസ് ഹൈടെക്കിലേക്ക്​

തൊടുപുഴ: ബ്ലോക്ക്‌ പഞ്ചായത്ത്‌ കാര്യാലയം അത്യാധുനിക സൗകര്യങ്ങളോടെ ഹൈടെക് നിലവാരത്തിലേക്ക് ഉയരുന്നു. ഇതിൻെറ ഭാഗമായ നിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ. ബ്ലോക്ക്‌ പഞ്ചായത്തിന് ലഭിച്ച മെയിൻറനൻസ് ഗ്രാൻറിൽനിന്നുള്ള 19 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമാണം പുരോഗമിക്കുന്നത്. ഓരോ സെക്ഷനും കാബിൻ തിരിച്ച് ജീവനക്കാരുടെ ഇരിപ്പിടം കൂടുതൽ സൗകര്യമുള്ളതാക്കിയിട്ടുണ്ട്. ഓഫിസ് പൂർണമായും കമ്പ്യൂട്ടർ സംവിധാനത്തിലേക്ക് മാറ്റി ഫയൽ നീക്കം എളുപ്പത്തിലാക്കാൻ ബന്ധപ്പെട്ട സെക്ഷനുകളെ ഒറ്റ കുടക്കീഴിൽ എന്ന രീതിയിലാക്കി. പാർക്കിങ് സൗകര്യം കൂടുതൽ മെച്ചപ്പെടുത്തി. കോൺഫറൻസ് ഹാൾ വിപുലീകരിച്ചു. ഫർണിച്ചർ, കമ്പ്യൂട്ടർ അനുബന്ധ സാമഗ്രികൾ, മറ്റ് ഓഫിസ് ഉപകരണങ്ങൾ എല്ലാം തിങ്ങിനിറഞ്ഞ് ഇടുങ്ങിയ സ്ഥലങ്ങളിലായിരുന്നു ജീവനക്കാർ ഇതുവരെ ജോലി ചെയ്തിരുന്നത്. കാലഹരണപ്പെട്ട കെട്ടിടവും വൈദ്യുതി, ജല സംവിധാനവും സുരക്ഷ ഭീഷണി ഉയർത്തിയിരുന്നു. ഏതാനും മാസം മുമ്പ് ഓഫിസ് കെട്ടിടത്തിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായി ഫ്യൂസുകളും വയറുകളും കത്തിനശിച്ച് പുക ഉയർന്നത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. പഴകി ദ്രവിച്ച ജനലുകളും വാതിലുകളും നനഞ്ഞൊലിക്കുന്ന കെട്ടിടവും ഓഫിസിൻെറ സുരക്ഷിതത്വത്തിന് ഭീഷണി ഉയർത്തിയിരുന്നു. വിവിധ ആവശ്യങ്ങൾക്ക് എത്തുന്ന പൊതുജനത്തിന് ഇരിപ്പിട സൗകര്യവും കുറവായിരുന്നു. ഇതിനെല്ലാം പരിഹാരമായാണ് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ അത്യാധുനിക സംവിധാനം ഒരുക്കുന്നത്. ഏതാനും മാസം മുമ്പ് ആരംഭിച്ച നവീകരണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കി പുതിയ സംവിധാനത്തിൽ പ്രവർത്തനസജ്ജമാക്കാൻ ഭരണസമിതിയും ഉദ്യോഗസ്ഥരും ഒരുമിച്ചാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.