ഇടുക്കി അണക്കെട്ടിൽ സോളാർ പാനൽ സ്​ഥാപിക്കൽ; ഉദ്യോഗസ്​ഥ സംഘം പരിശോധന നടത്തി

ചെറുതോണി: ഇടുക്കി അണക്കെട്ടിൽ സോളാർ പാനൽ സ്ഥാപിച്ച് വൈദ്യുതി ഉൽപാദനം നടത്തുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥ സ ംഘം പരിശോധന നടത്തി. ന്യൂഡൽഹി എൻ.ടി.പി.സിയിലെ മുതിർന്ന ഉദ്യോഗസ്ഥരും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും ചേർന്നാണ് പരിശോധന നടത്തിയത്. ബുധനാഴ്ച രാവിലെ 11ന് ഇടുക്കിയിലെത്തിയ സംഘം കുളമാവ്, വെള്ളാപ്പാറ, അഞ്ചുരുളി തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധനയും പഠനവും നടത്തി. റിസർവോയറിലൂടെ ബോട്ടിൽ സഞ്ചരിച്ചാണ് സാധ്യതപഠനം നടത്തിയത്. ഇടുക്കി റിസർവോയറിൽ കുളമാവ്, വെള്ളാപ്പാറ, അഞ്ചുരുളി പ്രദേശങ്ങളിൽ ഓരോ സ്ഥലത്തും മിനിമം 100 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ ശേഷിയുള്ള സോളാർ പാനൽ സംവിധാനമാണ് സ്ഥാപിക്കുന്നത്. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന പാനൽ സംവിധാനമാണ് നടപ്പാക്കുന്നത്. ഇടുക്കി റിസർവോയർ കൂടാതെ കല്ലാർകുട്ടി, ചെങ്കുളം, ആനയിറങ്കൽ അണക്കെട്ടുകളിലും സോളാർ പാനൽ സ്ഥാപിക്കാൻ സാധ്യതപഠനം നടത്തി. വൈദ്യുതി ബോർഡിൻെറ സബ് സ്റ്റേഷൻ, സഞ്ചാരയോഗ്യമായ ഗതാഗത മാർഗം തുടങ്ങിയ സൗകര്യങ്ങളുള്ള റിസർവോയറുകളിലാണ് സോളാർ പാനൽ സ്ഥാപിക്കുന്നത് പരിഗണിക്കുന്നത്. ഇടുക്കി മികച്ച സൗകര്യമുള്ള സ്ഥലമാണെന്ന് സംഘം വിലയിരുത്തി. വൈദ്യുതി ബോർഡും എൻ.ടി.പി.സിയും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. എൻ.ടി.പി.സി സീനിയർ മാനേജർ അഭിലാഷ് കുമാർ, ആഷിക് തോമസ്, സതീഷ് യാദവ്, വൈദ്യുതി ബോർഡ് ഇലക്ട്രിക്കൽ എക്സിക്യൂട്ടിവ് എൻജിനീയർ വിൻസൻറ് വർഗീസ്, ഡാം സുരക്ഷ എക്സിക്യൂട്ടിവ് എൻജിനീയർ വി.എസ്. ബാലു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.