മതനിരപേക്ഷതയിൽ​ അഭിമാനിക്കാൻ കഴിയാത്തവിധം രാജ്യം അശാന്തം -ജസ്​റ്റിസ്​​ ​െകമാൽ പാഷ

തൊടുപുഴ: മതനിരപേക്ഷ ഇന്ത്യയെന്ന് അഭിമാനംകൊള്ളാൻ കഴിയാത്തവിധം അശാന്തിയുടെ സാഹചര്യം വളരുകയാണെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷവും രാജ്യത്ത് മതധ്രുവീകരണം നടക്കുകയാണെന്നും ജസ്റ്റിസ് കെമാൽ പാഷ. തൊപ്പിവെച്ചതിൻെറ പേരിലും ബീഫിൻെറ പേരിലും ആക്രമണങ്ങൾ നടക്കുകയാണ്. വേറെയാരും രാജ്യത്ത് വേണ്ടെന്നാണ് ചിന്താഗതി. ഇതൊന്നും സർക്കാർ പറഞ്ഞിട്ട് ചെയ്യുന്ന കാര്യങ്ങളാകില്ല. സർക്കാറിന് ഇങ്ങനൊരു ഉദ്ദേശ്യവും കാണില്ല. എന്നാൽ, ഇത്തരം ആക്രമണങ്ങളെ തള്ളിപ്പറയാൻ സർക്കാറോ ബി.ജെ.പിയോ തയാറാകാത്തതാണ് പ്രശ്നം വഷളാക്കുന്നത്. ഇതിന് സർക്കാർ തയാറാകണം -കെമാൽ പാഷ പറഞ്ഞു. പൊലീസ് അസോസിയേഷൻ ജില്ല സമ്മേളനത്തിൻെറ ഭാഗമായി നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ നിയമനിർമാണം ശരിയായ പഠനമോ ചർച്ചയോ നടക്കാതെയാണെന്നും കെമാൽ പാഷ വിമർശിച്ചു. ബ്യൂറോക്രാറ്റിക് ഷോയെന്ന് വേണമെങ്കിൽ പറയാം. ഉദ്യോഗസ്ഥർ തയാറാക്കുന്ന കരട്ബിൽ പാസാക്കിവിടുകയാണ്. മുത്തലാഖ് ബിൽ ഉദാഹരണം. മുത്തലാഖ് നിയമവിരുദ്ധമാണെന്നും ഇതിലൂടെ വിവാഹബന്ധം വേർപെടില്ലെന്നും സുപ്രീംകോടതി നേരത്തേ പറഞ്ഞു കഴിഞ്ഞു. നിയമപ്രകാരം മുത്തലാഖിലൂടെ നേടുന്ന വിവാഹമോചനം സാധുവല്ല. എന്നിട്ടാണ് മുത്തലാഖ് ശിക്ഷാർഹമായ കുറ്റമാക്കി നിയമനിർമാണം െകാണ്ടുവന്നിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അഴിമതിയാണ് ഇന്ത്യയെ കാർന്നുതിന്നുന്ന ഏറ്റവും വലിയ കാൻസർ. സാമ്പത്തികം മാത്രമല്ല, വർഗീയതയും സ്വജനപക്ഷപാതവും ആവശ്യമില്ലാത്ത വർഗസ്‌നേഹവുമൊക്കെ അഴിമതിയാണ്. വരുംകാലങ്ങളിൽ നമ്മുടെ ഭരണഘടനയും അതിൻെറ അടിസ്ഥാന തത്ത്വങ്ങളും നിലനിൽക്കുമെന്ന് ആശിക്കാമെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷൻ ജില്ല പ്രസിഡൻറ് ഇ.ജി. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. പ്രസ് അക്കാദമി മുൻ ചെയർമാൻ തോമസ് ജേക്കബ്, പത്രപ്രവർത്തക യൂനിയൻ മുൻ ജനറൽ സെക്രട്ടറി എൻ. പദ്മമനാഭൻ, ക്രൈംബ്രാഞ്ച് എസ്.പി സക്കറിയ ജോർജ്, മീഡിയ അക്കാദമി മുൻ ചെയർമാൻ സെർജി ആൻറണി, ഇടുക്കി പ്രസ്ക്ലബ് പ്രസിഡൻറ് അഷ്റഫ് വട്ടപ്പാറ, അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി.ജി. അനിൽ കുമാർ എന്നിവർ സംസാരിച്ചു. അസോസിയേഷൻ ജില്ല സെക്രട്ടറി പി.കെ. ബൈജു സ്വാഗതവും സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സനൽ ചക്രപാണി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.