രമ്യ ഹരിദാസി​െൻറ ആരോപണം: മാധ്യമങ്ങളോട്​ കയർത്ത്​ വനിത കമീഷൻ അധ്യക്ഷ

രമ്യ ഹരിദാസിൻെറ ആരോപണം: മാധ്യമങ്ങളോട് കയർത്ത് വനിത കമീഷൻ അധ്യക്ഷ തൊടുപുഴ: ആലത്തൂരിലെ നിയുക്ത എം.പി രമ്യ ഹരിദാസിനെതിരെ എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻെറ പരാമർശത്തിൽ അന്നുതന്നെ കേസെടുത്തിരുന്നുവെന്ന് സംസ്ഥാന വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ. കേസെടുത്തോ എന്നുപോലും അന്വേഷിക്കാതെയാണ് രമ്യ കമീഷനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും അധ്യക്ഷ വ്യക്തമാക്കി. വിവാദ പരാമർശമുണ്ടായപ്പോൾ തന്നെ കമീഷൻ വിഷയത്തിൽ പ്രതികരിച്ചിരുന്നു. അപ്പോൾത്തന്നെ കേസുമെടുത്തു. മാധ്യമങ്ങളിലൂടെ കമീഷനെതിരെ ആരോപണം ഉന്നയിക്കുന്ന രമ്യ ഹരിദാസ് ഇതുവരെയും പരാതി നൽകിയിട്ടില്ല. കമീഷൻ സ്വമേധയയാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് വ്യാപകമായ രീതിയിൽ ഈ വിഷയം ഉയർത്തിക്കാട്ടിയവർ അതിനുശേഷം ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നില്ല. ആലത്തൂരിലെ വിജയത്തിന് ശേഷമാണ് രമ്യ, കമീഷനിൽനിന്ന് നീതി കിട്ടിയില്ലെന്ന ആരോപണം ഉന്നയിച്ചത്. എന്നാൽ, ഒരുഘട്ടത്തിലും ഈ കേസിൻെറ അന്വേഷണത്തിൽനിന്ന് പിന്നോട്ടു പോയില്ല. കമീഷനെതിരായ ആരോപണങ്ങളെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് രൂക്ഷമായാണ് വനിത കമീഷൻ അധ്യക്ഷ പ്രതികരിച്ചത്. സത്യാവസ്ഥ മനസ്സിലാക്കാതെ മാധ്യമങ്ങൾ വിഷയത്തെ രാഷ്ട്രീയപരമായാണ് നോക്കിക്കാണുന്നതെന്ന് അവർ ദേഷ്യപ്പെട്ടു. കമീഷന് ഒരു രാഷ്ട്രീയവുമില്ല. എം.എൽ.എമാരായ എസ്. രാജേന്ദ്രൻ, പി.സി. ജോർജ് എന്നിവരുടെ പരാമർശത്തിനെതിരെ നടപടിയെടുത്തിരുന്നു. കമീഷൻെറ നിലപാടുകൾ പകൽപോലെ വ്യക്തമാണെന്നും എം.സി. ജോസഫൈൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.