തിരുനക്കരയിൽ ബസ്​ കയറി വീട്ടമ്മ മരിച്ച സംഭവം: കർശന നടപടിക്ക്​ മോ​ട്ടോർ വാഹന വകുപ്പ്​

കോട്ടയം: തിരുനക്കരയിൽ ബസ് കയറി വീട്ടമ്മ മരിച്ച സംഭവത്തിന് പിന്നാലെ വഴിയിലും ബസ് സ്റ്റാൻഡിലും പ്രശ്‌നമുണ്ടാക്കുന്ന മുഴുവന്‍ ബസ് ജീവനക്കാര്‍ക്കെതിരെയും കർശന നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. തോട്ടയ്ക്കാട് കോവൂര്‍ ബിജുവിൻെറ ഭാര്യ പൊന്നമ്മയാണ് (മിനി -47) അശ്രദ്ധമായി മുന്നോട്ടെടുത്ത ബസ് കയറി മകളുടെ കൺമുന്നിൽ മരിച്ചത്. ഈ സാഹചര്യത്തിലാണ് തിരുനക്കര സ്റ്റാൻഡിന് പ്രത്യേക പരിഗണന നൽകി നടപടി സ്വീകരിക്കുന്നത്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ രണ്ടുവാഹനങ്ങളിൽ മോട്ടോര്‍ വാഹന വകുപ്പിൻെറ ഷാഡോ പരിശോധനയുണ്ടാകും. ഇതിന് എന്‍ഫോഴ്‌സ്‌മൻെറ് വിഭാഗത്തെയും ചുമതലപ്പെടുത്തി. ജില്ലയിലെ മുഴുവന്‍ ബസ് സ്റ്റാൻഡിലും ഷാഡോ സേനയുടെ സാന്നിധ്യമുണ്ടാകും. ഇതിൻെറ ഭാഗമായി ചൊവ്വാഴ്ച വിവിധ സ്ഥലങ്ങളിൽ പരിശോധന നടന്നു. ഇതിനൊപ്പം, പ്രധാന റൂട്ടുകളിൽ സേനയുടെ പരിശോധന ഊർജിതമാക്കും. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ ഉടൻ നടപടിയുണ്ടാകും. ചെറിയ സ്‌റ്റോപ്പുകളിൽ നിർത്താതെ പായുന്നുവെന്ന പരാതിക്ക് പരിഹാരമുണ്ടാക്കുകയാണ് ലക്ഷ്യം. കെ.കെ റോഡിലാണ് പരാതി കൂടുതൽ. അപകടം വർധിക്കുന്ന പശ്ചാത്തലത്തിൽ ബസ് ഉടമകൾക്കും ബോധവത്കരണം നൽകാൻ മോട്ടോർ വാഹന വകുപ്പ് ആലോചിക്കുന്നുണ്ട്. ഭൂരിഭാഗം അപകടങ്ങൾക്കും ഉടമ ഉത്തരവാദിയല്ലെങ്കിലും ഇവരെ ബോധവത്കരിക്കുന്നത് ഒരു പരിധിവരെ ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. തിരുനക്കര സ്റ്റാൻഡിൽ രണ്ടുതരത്തിലാണ് വാഹനങ്ങൾ കയറിയിറങ്ങുന്നത്. ആദ്യ ടെർമിനലിലൂടെയാണ് മിക്ക ബസുകളും കയറുന്നത്. രണ്ടാമത്തെ ടെർമിനലിൽ ബസ് ആളെ ഇറക്കി പോകാനുള്ളതാണ്. മൂലേടം, ചിങ്ങവനം, മണർകാട്, പുതുപ്പള്ളി, ഇറഞ്ഞാൽ, ദേവലോകം ഭാഗങ്ങളിൽനിന്ന് എത്തുന്ന ബസുകൾ സ്റ്റാൻഡില്‍ കയറി ആളെ ഇറക്കി നാഗമ്പടം സ്റ്റാൻഡിലേക്കു പോകും. മെഡിക്കൽ കോളജ് ഭാഗത്തേക്ക് പോകുന്ന ബസുകൾ പാര്‍ക്ക് ചെയ്യുന്ന ഭാഗത്ത് ചില ബസുകൾ പെട്ടെന്ന് പോകാൻ രണ്ടു ടെർമിനലുകൾക്കും ഇടയിലൂടെ കടക്കാറുണ്ട്. ഇത് അപകടസാധ്യത വർധിപ്പിക്കുന്നതായും പരാതിയുണ്ട്. ബസ് ൈഡ്രവർക്കെതിരെ മനഃപൂർവമായ നരഹത്യക്ക് കേസെടുത്തു കോട്ടയം: തിരുനക്കരയിൽ വീട്ടമ്മയുടെ മരണത്തിനുകാരണമായ അപകടത്തിൽ സ്വകാര്യ ബസ് ഡ്രൈവർെക്കതിെര മനഃപൂര്‍വമായ നരഹത്യക്ക് പൊലീസ് കേസെടുത്തു. അതേസമയം, ബസ് സ്റ്റാൻഡിൽനിന്ന് പുറപ്പെടുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ ഈ ഡ്രൈവർ പാലിച്ചില്ലെന്നാണ് മോട്ടോർ വാഹന വകുപ്പിൻെറ കണ്ടെത്തൽ. അശ്രദ്ധമായി വാഹനം ഓടിച്ച ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും. അവധിയിലുള്ള ആർ.ടി.ഒ തിരികെയെത്തിയാലുടൻ നടപടിയുണ്ടാകും. അപകടകാരണമായ ബസ് പരിശോധനക്കു വിധേയമാക്കിയെങ്കിലും സാങ്കേതിക പ്രശ്‌നം കണ്ടെത്തിയിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.