വേറിട്ട വിജയത്തിളക്കവുമായി ഒളശ്ശ അന്ധവിദ്യാലയം

കോട്ടയം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ പത്തരമാറ്റ് തിളക്കവുമായി ഒളശ്ശ അന്ധവിദ്യാലയം. കാഴ്ച വൈകല്യമുള്ളവര്‍ക്ക ുള്ള സംസ്ഥാനത്തെ ഏകസര്‍ക്കാര്‍ ഹൈസ്കൂളായ ഇവിടെ ആദ്യ ബാച്ചില്‍ പത്താം ക്ലാസ് പരീക്ഷയെഴുതിയ ഒമ്പതുപേരും വിജയിച്ചു. ബ്രെയിലി ലിപിയിലും ഓഡിയോ റെക്കോഡ് രൂപത്തിലുമുള്ള നോട്ടുകളും ഉപയോഗിച്ചായിരുന്നു പഠനം. എട്ട് എ പ്ലസും രണ്ട് എ ഗ്രേഡും നേടിയ പന്തളം സ്വദേശി വൈശാഖ് മുരളിയാണ് വിജയികളില്‍ ഒന്നാമന്‍. ആലുവ പറവൂരില്‍നിന്നുള്ള എം.ജി. ലിബ്‌നയാണ് ബാച്ചിലെ ഏക വിദ്യാര്‍ഥിനി. സി. കതിരേഷ് (കുമളി), ക്രിസ്റ്റോ തോമസ്(എടത്വ), അഭിഷേക് (പുളിങ്കുന്ന്), പ്രജിത് പ്രകാശ് (അടൂര്‍), ടി.ഡി. അശ്വിന്‍ (പെരുമ്പാവൂര്‍), അനന്തവിഷ്ണു (പന്തളം), അഖില്‍ കെ. അനില്‍ (മുണ്ടക്കയം) എന്നിവരും നേട്ടപ്പട്ടികയില്‍ ഇടംപിടിച്ചു. ഇവരില്‍ പലരും ഒന്നാം ക്ലാസ് മുതല്‍ ഈ സ്‌കൂളില്‍ പഠിച്ചവരാണെന്ന് ഹെഡ്മാസ്റ്റര്‍ ഇ.ജെ. കുര്യന്‍ പറഞ്ഞു. നാലുവര്‍ഷം മുമ്പാണ് ഒളശ്ശ അന്ധവിദ്യാലയത്തില്‍ ഹൈസ്‌കൂള്‍ ആരംഭിച്ചത്. അതിനു മുമ്പ് ഇവിടെ താമസിച്ച് കുടമാളൂര്‍ ഗവ. ഹൈസ്‌കൂളിലാണ് വിദ്യാര്‍ഥികള്‍ ഹൈസ്‌കൂള്‍ പഠനം നടത്തിയിരുന്നത്. വിവരാവകാശ കമീഷന്‍ സിറ്റിങ്; 15 പരാതിക്ക് പരിഹാരം കോട്ടയം: ആവശ്യപ്പെട്ട വിവരം നല്‍കാത്തതും നടപടികളില്‍ കാലതാമസം വരുത്തിയതുമായ പതിനഞ്ചോളം പരാതിക്ക് വിവരാവകാശ കമീഷന്‍ സിറ്റിങ്ങില്‍ പരിഹാരം. 12 അപ്പീലും മൂന്നു പരാതിയുമാണ് വിവരാവകാശ കമീഷണര്‍ പി.ആര്‍. ശ്രീലതയുടെ അധ്യക്ഷതയില്‍ നടന്ന സിറ്റിങ്ങില്‍ തീര്‍പ്പുണ്ടായത്. പൊതുജനങ്ങള്‍ ആവശ്യപ്പെടുന്ന വിവരങ്ങളില്‍ വിവരാവകാശ നിയമപ്രകാരം നല്‍കേണ്ടവ സമയബന്ധിതമായി ലഭ്യമാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ബാധ്യതയുണ്ടെന്നും നിയമം അനുശാസിക്കുന്ന സമയപരിധിക്കുള്ളില്‍ തന്നെ വിവരം നല്‍കാന്‍ ശ്രദ്ധിക്കണമെന്നും കമീഷണര്‍ നിര്‍ദേശിച്ചു. ജനകീയാസൂത്രണം പഠിക്കാന്‍ രാജസ്ഥാന്‍ സംഘം കുമരകത്ത് കോട്ടയം: കേരളത്തിലെ ഗ്രാമപഞ്ചായത്ത് സംവിധാനവും ഗ്രാമീണമേഖലയിലെ വികസന മാതൃകകളും കുടുംബശ്രീ പ്രവര്‍ത്തനങ്ങളും പഠിക്കാൻ രാജസ്ഥാനിലെ ആള്‍വാര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ഇബ്ത്താഡയുടെ പ്രതിനിധികള്‍ കുമരകം ഗ്രാമപഞ്ചായത്തിലെത്തി. പ്രോഗ്രാം ഓഫിസര്‍മാരായ സൂര്യകാന്ത് സഹോ, അമര്‍ദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള പന്ത്രണ്ടംഗ സംഘം മൂന്നുദിവസം കുമരകത്തുണ്ടാകും. കുടുംബശ്രീ എന്‍.ആര്‍.ഒ പ്രതിനിധി എം. ശാന്തകുമാര്‍, ജില്ല മിഷന്‍ കോഓഡിനേറ്റര്‍ പി.എന്‍. സുരേഷ്, അസി. കോഓഡിനേറ്റര്‍ ബിനോയ് കെ. ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.