മോഷ്​ടിച്ച ബൈക്കിൽ കറങ്ങിനടന്ന് കവർച്ച: യുവാവ്​ പിടിയിൽ

ചാലക്കുടി: മോഷ്ടിച്ച ബൈക്കിൽ കറങ്ങിനടന്ന് കവർച്ച നടത്തുന്ന യുവാവ് പിടിയിൽ. കോട്ടയം പാലാ കൂടപ്പുളം സ്വദേശി വിഷ ്ണുവാണ് (24) പിടിയിലായത്. കൊരട്ടി ചിറങ്ങര ഭഗവതി ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഭക്തരുടെ മൊബൈൽ ഫോണുകളും പണമടങ്ങിയ പഴ്സും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം മലയാറ്റൂർ തീർഥാടനം കഴിഞ്ഞെത്തിയ തൃശൂർ ചേർപ്പ് സ്വദേശികളായ 11 പേരടങ്ങിയ സംഘം ദേശീയ പാതയോരത്തുള്ള കൊരട്ടി ചിറങ്ങര ഭഗവതി ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങിയിരുന്നു. മൊബൈലുകളും പണമടങ്ങിയ പഴ്സും വസ്ത്രങ്ങളോടൊപ്പം പൊതിഞ്ഞ് പടവിൽ െവച്ചിട്ടാണ് സംഘം കുളിക്കാനിറങ്ങിയത്. കുളി കഴിഞ്ഞെത്തിയപ്പോൾ മൊബൈലുകളും പഴ്സും കാണാതായതിനെ തുടർന്ന് കൊരട്ടി സ്റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു. ഉടൻതന്നെ എസ്.ഐമാരായ ബി. ബിനോയിയുടേയും ബി. രാമുവിൻെറയും നേതൃത്വത്തിൽ സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയും സമീപത്തെ വ്യാപാര സ്ഥാപനത്തിലെയും പെട്രോൾ പമ്പുകളിലേയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തെങ്കിലും സൂചന ലഭിച്ചില്ല. ഇതിനെ തുടർന്നാണ് ഡിവൈ.എസ്.പി കെ. ലാൽജി അന്വേഷണത്തിനായി പ്രത്യേക സംഘം രൂപവത്കരിച്ചത്. മോഷണം പോയ മൊബൈൽ ഫോണുകളുടെ സിം നമ്പറുകളും ഐ.എം.ഇ.ഐ നമ്പറുകളും ശേഖരിച്ച അന്വേഷണ സംഘം പരിശോധിച്ചപ്പോൾ സ്വിച്ച് ഓഫായ ഫോണുകൾ അങ്കമാലി ഭാഗത്തേക്ക് നീങ്ങിയതായി കണ്ടെത്തി. ഈ മൊബൈൽ നമ്പരുകളിലേക്ക് ഡെലിവറി റിപ്പോർട്ട് ഓപ്ഷനോടെ മെസേജയച്ചതിനെതുടർന്ന് കറുകുറ്റി പരിസരത്താണ് ഫോൺ ഉള്ളതെന്ന് മനസ്സിലായി. തുടർന്ന് ഇവിടെ എത്തിയ അന്വേഷണ സംഘം വിഷ്ണുവിനെ പിടികൂടുകയായിരുന്നു. തുടർന്ന് കൊരട്ടിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വിഷ്ണു ഉപയോഗിക്കുന്ന ബൈക്കും മോഷ്ടിച്ചതാണെന്ന് മനസ്സിലായത്. എറണാകുളത്ത് കമ്പ്യൂട്ടർ കോഴ്സ് പഠിക്കുന്ന പെരിന്തൽമണ്ണ സ്വദേശിയായ യുവാവിൻെറതായിരുന്നു ബൈക്ക്. കോട്ടയം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ഇരുപതോളം കേസുകളിലെ പ്രതിയാണിയാളെന്ന് ചോദ്യം ചെയ്യലിൽ കണ്ടെത്തി. അന്വേഷണ സംഘത്തിൽ കൊരട്ടി സ്റ്റേഷനിലെ എ.എസ്.ഐ ജോഷി, സീനിയർ സി.പി.ഒമാരായ മുഹമ്മദ് ബാഷി, സുധീർ, ഷിനോജ്, ക്രൈം സ്ക്വാഡ് അംഗം റെജി, സി.പി.ഒമാരായ സൈജു, ടി.സി. ജിബി, ഹോം ഗാർഡ് ജയൻ എന്നിവരാണ് ഉണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.