ഓരുവെള്ളം തടയാൻ താഴത്തങ്ങാടിയിൽ ഓരുമുട്ട് നിർമാണം തുടങ്ങി

കോട്ടയം: മീനച്ചിലാറ്റിലെ ശുദ്ധജല സ്രോതസ്സുകളിൽ ഓരുവെള്ളം കയറുന്നതു തടയാൻ താഴത്തങ്ങാടി കുളപ്പുരക്കടവിൽ ഓരുമ ുട്ട് നിർമാണത്തിന് തുടക്കമായി. കുമരകം, തിരുവാർപ്പ് പഞ്ചായത്തുകളിൽ ജലവിതരണം നടത്തുന്ന താഴത്തങ്ങാടി കുളപ്പുരക്കടവിലെ പമ്പിങ് സ്റ്റേഷനിൽ ഉപ്പുവെള്ളം എത്താതിരിക്കാനാണ് മുട്ടിടുന്നത്. തണ്ണീർമുക്കം ബണ്ട് ഷട്ടർ തുറക്കുന്നതോടെ മീനച്ചിലാറ്റിലേക്ക് കായലിൽനിന്നുള്ള ഉപ്പുവെള്ളം കയറും. ഇത് തടയാനാണ് ആറിനു കുറുകെ താൽക്കാലിക ബണ്ട് സ്ഥാപിക്കുന്നത്. ഇതിനായി മീനച്ചിലാറ്റിൽ തെങ്ങിൻ കുറ്റികൾ താഴ്ത്തിത്തുടങ്ങി. രണ്ടുനിര കുറ്റികൾ സ്ഥാപിച്ച് മധ്യേ മണ്ണിട്ടാണ് ബണ്ട് നിർമിക്കുന്നത്. 20ന് തണ്ണീർമുക്കം ബണ്ട് തുറക്കുന്നതിന് മുമ്പ് ഓരുമുട്ട് നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. എന്നാൽ, താൽക്കാലിക ബണ്ട് നിർമിക്കാൻ രണ്ടാഴ്ചയെങ്കിലും വേണ്ടിവരുമെന്നാണ് കരാറുകാർ പറയുന്നത്. 19 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന ഓരുമുട്ടിന് ആവശ്യമായ കരാർ നടപടികൾ ഇറിഗേഷൻ വകുപ്പ് മാസങ്ങൾക്ക് മുമ്പുതന്നെ സ്വീകരിച്ചിരുന്നു. എന്നാൽ, ആരും കരാ‍ർ എടുക്കാൻ മുന്നോട്ടുവന്നില്ല. ഇതോടെ പലതവണ ടെൻഡർ വേണ്ടി വന്നു. കായലിൽനിന്നു കയറുന്ന ഓരുവെള്ളം തടയുന്ന ആദ്യ മുട്ടാണ് താഴത്തങ്ങാടിയിൽ സ്ഥാപിക്കുന്നത്. ഇവിടെ ഓരുമുട്ട് സ്ഥാപിച്ചില്ലെങ്കിൽ ഉപ്പുവെള്ളം പൂവത്തുംമൂട്ടിലെയും പേരൂരിലെയും കുടിവെള്ള സ്രോതസ്സുകളിലെത്തും. കോട്ടയം, ഏറ്റുമാനൂർ നഗരസഭകളിലും അഞ്ചു പഞ്ചായത്തുകളിലും മെഡിക്കൽ കോളജിലും ഉൾപ്പെടെ വിതരണം ചെയ്യുന്ന ശുദ്ധജലത്തിൽ ഓരുവെള്ളം കലരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.