പാടശേഖരങ്ങളില്‍ തീയിടുന്നത്​ പതിവാകുന്നു; വലഞ്ഞ്​ നാട്ടുകാരും അഗ്​നിശമനസേനയും

തിരുവല്ല: അപ്പർ കുട്ടനാടൻ പ്രദേശങ്ങളിൽ കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളില്‍ തീയിടുന്നത് പതിവാകുന്നു. വിളവെടുപ്പ് കഴിഞ്ഞ പാടങ്ങളിലും തരിശുകിടക്കുന്നിടത്തുമാണ് തീപടരുന്നത്. നിലം ഉടമകള്‍ തന്നെയാണ് തീയിടുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. തീയണക്കാൻ ഒാടിയെത്തേണ്ട അവസ്ഥയിലാണ് അഗ്നിശമനസേന. പകല്‍ കൊളുത്തുന്ന തീ രാത്രിയിലും കെടാതെ കത്തും. ഇതോടെ കനത്തചൂടും പുകയും പ്രദേശമാകെ വ്യാപിക്കും. പുകനിറഞ്ഞ് ഗതാഗതംവരെ സ്തംഭിക്കുന്ന സാഹചര്യമുണ്ട്. ആലുംതുരുത്തി, വേങ്ങല്‍ പ്രദേശങ്ങളില്‍ നിരവധി പാടശേഖരങ്ങളില്‍ കഴിഞ്ഞ ദിവസം തീ കത്തിച്ചിരുന്നു. പാടങ്ങളില്‍ യന്ത്രക്കൊയ്ത്തായതോടെ കച്ചി അവിടെത്തന്നെ ഉപേക്ഷിക്കുകയാണിപ്പോള്‍. ഇത് ഉൾപ്പെടെയാണ് കത്തിക്കുന്നത്. വേങ്ങലില്‍ പാടത്തുനിന്ന് തീ പടര്‍ന്ന് സമീപ പുരയിടങ്ങളിലെ വാഴകളും മറ്റും കത്തിനശിച്ചു. തരിശുനിലങ്ങളിലെ ഉണങ്ങിയ പായലുകള്‍ക്കും മറ്റുമാണ് തീയിടുന്നത്. ഇഴജീവികളെ അകറ്റാനാണ് ഈ തന്ത്രം. പാടത്ത് പടരുന്ന തീ കരയിലേക്ക് പടരുന്ന സാഹചര്യത്തില്‍ ദിവസം രണ്ടു വിളിയെങ്കിലും ഉണ്ടാകുമെന്ന് തിരുവല്ല അസി. ഫയര്‍ ഓഫിസര്‍ സുരേഷ് പറഞ്ഞു. റബര്‍ തോട്ടത്തിലും കുന്നുകളിലും തീയണക്കാന്‍ വിളിക്കുന്നതിനിടെയാണ് ഉടമകൾ സ്വയംവരുത്തിവെക്കുന്ന പാടം കത്തിക്കല്‍ അണക്കാന്‍ അഗ്നിശമനസേനക്ക് പോകേണ്ടിവരുന്നത്. അപ്പര്‍കുട്ടനാട്ടില്‍ രണ്ടാഴ്ചക്കിടെ 15 പാടശേഖരങ്ങളിലാണ് തീയണക്കേണ്ടിവന്നത്. പാടങ്ങളില്‍ തീയിടുന്നത് ശിക്ഷാര്‍ഹമാക്കണമെന്ന് അഗ്നിശമനസേന ജില്ല ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.