ഏഴു വയസ്സുകാരനോട്​ ക്രൂരത: പ്രതിയെ കസ്​റ്റഡിയിൽ ആവശ്യപ്പെട്ട്​ പൊലീസ്​

തൊടുപുഴ: ഏഴു വയസ്സുകാരനെ ക്രൂരമർദനത്തിനിരയാക്കിയ അരുൺ ആനന്ദിനെ വിശദമായി ചോദ്യംചെയ്യുന്നതിന് കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയെ സമീപിച്ചു. ഇളയകുട്ടിക്കെതിരായ ലൈംഗികാതിക്രമത്തിൻെറ പേരിൽ പോക്സോ ചുമത്തിയ സാഹചര്യത്തിൽ കൂടുതൽ തെളിവെടുപ്പും ആവശ്യമാണ്. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്ന വിധത്തിൽ കുറ്റപത്രം തയാറാക്കാനാണ‌് അന്വേഷണസംഘത്തിൻെറ നീക്കം. ശാസ‌്ത്രീയതെളിവുകളടക്കം ഇതിനായി ശേഖരിച്ചിട്ടുണ്ട‌്. മകന‌് ക്രൂരമർദനം നേരിട്ട ശേഷവും ആദ്യം കാര്യങ്ങൾ വെളിപ്പെടുത്താൻ മടികാട്ടിയിരുന്ന മാതാവ് ഇപ്പോൾ അന്വേഷണത്തോട‌് സഹകരിക്കുന്നതായി തൊടുപുഴ സി.െഎ അഭിലാഷ് ഡേവിഡ് അറിയിച്ചു. അരുൺ ആനന്ദിനെ അമിതമായി വിശ്വസിച്ചിരുന്നുവെന്നും കുട്ടികളെ മർദിക്കുന്നത് അവർ നന്നാകാനാണെന്നാണ് അയാൾ പറഞ്ഞിരുന്നതെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു. ഏഴു വയസ്സുകാരനെ മർദനത്തിനിരയാക്കിയ രാത്രി ആശുപത്രിയിലേക്ക് പോകുേമ്പാൾ ഇളയകുട്ടി തനിച്ചായിരുന്നു. തിരികെ വരുേമ്പാൾ അരുൺ വഴക്ക് പറയുമോ എന്ന് പേടിച്ചാണ് മുറിയിൽ തെറിച്ച രക്തപ്പാടുകളടക്കം തുടച്ചത്. കുട്ടി നൽകിയ മൊഴിയിലും രക്തം തുടച്ചതായി പറയുന്നുണ്ട്. തൻെറ ക്രിമിനൽ പശ്ചാത്തലം ചില അബദ്ധങ്ങൾ പറ്റിയെന്ന നിലയിലാണ് അവതരിപ്പിച്ചിരുന്നത്. കുട്ടികളെ മുറിക്കകത്ത് പൂട്ടിയ ശേഷം ഇരുവരും പുറത്ത് പോകാറുണ്ട്. കുട്ടികൾ ഒറ്റക്ക് ജീവിക്കാനുള്ള ധൈര്യം ആർജിക്കുന്നതിനാണിതെന്നായിരുന്നു ധരിപ്പിച്ചത്. സ്വയരക്ഷക്കാണ‌് കാറിനുള്ളിൽ ആയുധങ്ങൾ സൂക്ഷിക്കുന്നതെന്നും ഇയാൾ പറഞ്ഞിരുന്നതായും മൊഴിയിൽ പറയുന്നു. എല്ലാം നേരിൽ കണ്ട കേസിലെ പ്രധാന സാക്ഷിയാണ് യുവതി. അതിക്രമം കണ്ടുനിന്ന ഇളയകുട്ടിയുടെ മൊഴിയും അന്വേഷണത്തെ സഹായിക്കും. ആദ്യഭർത്താവിൻെറ സുഹൃത്തുക്കൾ സ്വരൂപിച്ചതടക്കം മൂന്നേകാൽ ലക്ഷത്തോളം രൂപ മക്കളുടെ പേരിൽ ഫെഡറൽ ബാങ്കിൽ നിക്ഷേപിച്ചിരുന്നു. ഇത‌് ഇയാൾ ഭീഷണിപ്പെടുത്തി പിൻവലിപ്പിച്ചതായും യുവതി പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.