അഞ്ചുവർഷം മുമ്പ്​​ ഷഫീഖ്​ നേരിട്ടതും സമാന പീഡനം

തൊടുപുഴ: അഞ്ചുവർഷം മുമ്പ് കുമളി സ്വദേശി ഷഫീഖ് നേരിട്ടത് കുമാരമംഗലത്തെ ഏഴുവയസ്സുകാരേൻറതിനോട് സമാന പീഡനം. 2013 ജൂലൈ 15നായിരുന്നു ഷഫീഖിനെ രണ്ടാനമ്മയും പിതാവുംകൂടി മർദിച്ച് അവശനാക്കിയത്. കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു കേസ്. ഒരുവർഷത്തോളം വേദനകൾക്കും കണ്ണീരിനുമിടയിലൂടെ കടന്നുപോയ ഷഫീഖ്, അവനെ ഹൃദയത്തിൽ ചേർത്തുവെച്ച ലക്ഷക്കണക്കിനുപേരുടെ പ്രാർഥനകളിലൂടെയും ചികിത്സകളിലൂടെയും ജീവിതത്തിലേക്ക് മടങ്ങുന്നതിനിടെയാണ് ഇടുക്കിയിൽനിന്ന് വീണ്ടും ക്രൂര മർദനത്തിൻെറ വാർത്തയെത്തുന്നത്. പോറ്റിവളർത്തേണ്ട കരങ്ങൾ പൊള്ളിച്ചുകളഞ്ഞ ആ കുഞ്ഞുമനസ്സ് മാസങ്ങൾ നീണ്ട ചികിത്സകൾക്കൊടുവിൽ പുതുജീവിതത്തിലേക്ക് പിച്ചവെച്ച് തുടങ്ങിയിട്ടുണ്ട്. 2013 ജൂലൈ 15ന് വൈകീട്ടാണ് കുമളി ഒന്നാംമൈൽ പുത്തൻപുരക്കൽ ഷരീഫിൻെറ മകൻ ഷഫീഖിനെ കട്ടപ്പന സൻെറ് ജോൺസ് മിഷൻ ആശുപത്രിയിലെത്തിച്ചത്. എട്ടുദിവസം മുമ്പ് ഷഫീഖിന് വീണ് പരിക്കേറ്റെന്ന്് അവനെ കൊണ്ടുവന്ന ഷരീഫും രണ്ടാനമ്മ അനീഷയും ആശുപത്രി അധികൃതരോട് പറഞ്ഞത്. ആ നാലര വയസ്സുകാരൻെറ നില അതീവ ഗുരുതരമായിരുന്നു. ഇരുമ്പുവടികൊണ്ട് തലക്കും വലതുകണ്ണിൻെറ പുരികത്തും ക്ഷതങ്ങൾ. ശരീരത്ത് പലയിടത്തും ചട്ടുകംകൊണ്ട് പൊള്ളിച്ച പാടുകൾ. ഇരുമ്പ് കമ്പികൊണ്ടുള്ള അടിയേറ്റ് ഒടിഞ്ഞുതൂങ്ങിയ കാലുകൾ. ഭക്ഷണം കഴിക്കാൻ കിട്ടാതെ ശോഷിച്ച ശരീരം. കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചതാണെന്ന് വ്യക്തമായതോടെ ഷരീഫിനെയും അനീഷയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുമ്പ് കുഴൽകൊണ്ട് കുട്ടിയുടെ കാല് തല്ലിയൊടിച്ചതാണെന്ന് ഷരീഫ് പൊലീസിനോട് സമ്മതിച്ചു. ഷഫീഖിനെ ഭർത്താവ് ക്രൂരമായി മർദിക്കുമായിരുന്നെന്ന് ഷരീഫിൻെറ രണ്ടാംഭാര്യ അനീഷയും മൊഴിനൽകി. മദ്യപിച്ചെത്തുന്ന ഷരീഫ് ഷഫീഖിനെ തൊഴിക്കുകയും മർദിക്കുകയും പതിവായിരുന്നു. കട്ടപ്പനയിലെയും വെല്ലൂരിലെയുമടക്കം ചികിത്സ കഴിഞ്ഞ ഷഫീഖിൻെറ സംരക്ഷണം അൽ-അസ്ഹർ മെഡിക്കൽ കോളജ് അധികൃതർ ഏറ്റെടുക്കുകയായിരുന്നു. ഇപ്പോൾ 10 വയസ്സുകാരനായ ഷഫീഖ് രണ്ടാംക്ലാസിൽ പഠിക്കുകയാണ്. ഷഫീഖിൻെറ ഒപ്പം ആയ രാഗിണി ഇപ്പോഴുമുണ്ട്. മർദനമേറ്റ സമയംമുതൽ ഷഫീഖിൻെറ പരിചരണം രാഗിണിക്കാണ്. വാവാച്ചി ആക്ടീവായിവരുകയെന്നാണ് രാഗിണി 'മാധ്യമ'ത്തോട് പ്രതികരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.