കിടപ്പുരോഗികളെ പരിചരിച്ച് പ്രീത ഷാജിയുടെ നിർബന്ധിത സാമൂഹിക സേവനം

കൊച്ചി: കോടതിയലക്ഷ്യത്തിനു ഹൈകോടതി നിർദേശപ്രകാരം പ്രീത ഷാജിയും ഭർത്താവ് ഷാജിയും എറണാകുളം ജനറൽ ആശുപത്രിക്കു കീഴിലെ പാലിയേറ്റിവ് കെയർ യൂനിറ്റിൽ കിടപ്പുരോഗികളെ പരിചരിച്ചുതുടങ്ങി. രാവിലെ 10 മുതൽ വൈകീട്ട് നാലുവരെയാണു ഇരുവരും സേവനം ചെയ്തത്. പാലിയേറ്റിവ് യൂനിറ്റിനൊപ്പം പനമ്പിള്ളി നഗർ, കൊച്ചുകടവന്ത്ര, തേവര എന്നിവിടങ്ങളിലെ കിടപ്പുരോഗികളെ പരിചരിക്കുകയായിരുന്നു പ്രീതയുടെ ചുമതല. വടുതലയിലെ ഒമ്പത് വീടുകളിലുള്ള രോഗീ പരിചര‍ണമായിരുന്നു ഷാജിയുടെ ദൗത്യം. മുറിവ് ഡ്രസ് ചെയ്യുക, കുളിപ്പിക്കുക തുടങ്ങിയ സഹായങ്ങളാണ് ഇരുവരും ചെയ്തത്. രാവിലെയും വൈകീട്ടും ആശുപത്രി സൂപ്രണ്ട് ഡോ. അനിതയുടെ മുന്നിൽ റിപ്പോർട്ട് ചെയ്യണം. രാവിലെ ഹൈകോടതി ഉത്തരവ് സൂപ്രണ്ടിനുമുന്നിൽ ഹാജരാക്കിയാണ് സേവനം തുടങ്ങിയത്. നൂറു മണിക്കൂർ സേവനം നടത്താനാണ് കോടതി നിർദേശം. തിങ്കളാഴ്ച മുതൽ 17 ദിവസം സേവനമനുഷ്ഠിച്ചാലാണ് 100 മണിക്കൂറാവുക. കോടതി ശിക്ഷിച്ചതാണെങ്കിലും സേവനമെന്ന നിലക്ക് ഇതൊരു പുണ്യപ്രവൃത്തിയായാണ് കാണുന്നതെന്ന് പ്രീത പറഞ്ഞു. ഇക്കഴിഞ്ഞ 19നാണ് കോടതിയലക്ഷ്യത്തിനു ശിക്ഷയായി പ്രീതയും ഷാജിയും നിർബന്ധിത സാമൂഹികസേവനം നടത്താൻ കോടതി ഉത്തരവിട്ടത്. ജപ്തി നടപടികളെ തുടർന്ന് വീടും പറമ്പും ലേലത്തിൽ പിടിച്ചയാൾക്ക് ഒഴിഞ്ഞുകൊടുക്കാനുള്ള ഹൈകോടതി ഉത്തരവ് പാലിക്കാത്തതാണു കോടതിയലക്ഷ്യമായത്. കാൽ നൂറ്റാണ്ടുകാലത്തെ പോരാട്ടത്തിനൊടുവിൽ തിരിച്ചുപിടിച്ച വീട്ടിൽ ഞായറാഴ്ച ഇവർ ഗൃഹപ്രവേശം നടത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.