സർവിസ് സംഘടനകള്‍ ഫ്ലക്‌സ് ബോര്‍ഡുകള്‍ നീക്കംചെയ്യണം -കലക്ടര്‍

കോട്ടയം: സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മറ്റ് പൊതുസ്ഥലങ്ങളിലും സർവിസ് സംഘടനകള്‍ സ്ഥാപിച്ചിട്ടുള്ള ഫ്ലക്‌സ് ബോ ര്‍ഡുകള്‍ ഉടന്‍ നീക്കംചെയ്യണമെന്ന് കലക്ടര്‍ പി.കെ. സുധീര്‍ ബാബു നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചേര്‍ന്ന സർവിസ് സംഘടന പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടനകളുടെ ഫ്ലക്‌സ് ബോര്‍ഡുകള്‍, ബാനറുകള്‍ തുടങ്ങിയവ പൂര്‍ണമായും നീക്കംചെയ്യാനാണ് നിര്‍ദേശം. തെരഞ്ഞെടുപ്പ് പോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് ജോലിസമയത്ത് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ചികിത്സ സൗജന്യമായി നല്‍കും. 50,000 രൂപ വരെയുള്ള ചികിത്സ സൗജന്യമായി ലഭിക്കും. ഡ്യൂട്ടി സമയത്ത് ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം ലഭ്യമാക്കുന്നതിന് കുടുംബശ്രീയുടെ സഹകരണംതേടാന്‍ ആലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ എം.വി. സുരേഷ്കുമാര്‍, വിവിധ സർവിസ് സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സി-വിജില്‍ ആപ് തയാര്‍: ആദ്യദിനത്തില്‍ മൂന്ന് പരാതികള്‍ കോട്ടയം: ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ പരാതിനല്‍കാനുള്ള സി-വിജില്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തനസജ്ജമായി. ആദ്യ ദിവസം സി-വിജിലിലൂടെ മൂന്നു പരാതികള്‍ ലഭിച്ചു. പൊതുസ്ഥലങ്ങളിലെയും നടപ്പാതകളിലെയും പോസ്റ്ററുകള്‍ സംബന്ധിച്ചായിരുന്നു പരാതികള്‍. ഇവയില്‍ തുടര്‍നടപടി സ്വീകരിച്ചു. വോട്ടിനായി പണംനല്‍കല്‍, പ്രേരിപ്പിക്കല്‍, ഭീഷണി, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് നിയമലംഘനങ്ങള്‍ തുടങ്ങിയവ കണ്ടെത്തിയാല്‍ ചിത്രമോ വിഡിയോ ദൃശ്യമോ സഹിതം ഈ ആപ്ലിക്കേഷനിലൂടെ കമീഷന് പരാതിനല്‍കാം. തെരഞ്ഞെടുപ്പ് ബന്ധപ്പെട്ട് പ്രവര്‍ത്തിപ്പിക്കുന്ന എല്ലാ സ്‌ക്വാഡുകളെയും കലക്‌ടറേറ്റില്‍ സജ്ജീകരിച്ചിട്ടുള്ള കണ്‍ട്രോള്‍ റൂമുമായി ലിങ്ക് ചെയ്തിട്ടുണ്ട്. പരാതി ലഭിക്കുന്ന നിമിഷത്തില്‍ തന്നെ പരാതിയെക്കുറിച്ചുള്ള പൂര്‍ണവിവരം കണ്‍ട്രോള്‍ റൂമില്‍നിന്ന് അതത് മേഖലയിലെ സ്‌ക്വാഡിന് കൈമാറുകയും 100 മിനിറ്റിനുള്ളില്‍ നടപടി സ്വീകരിക്കുകയും ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.